കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ഉത്തരം കിട്ടാത്ത പ്രഹേളികയായി മാറിയിരിക്കുന്നു
‘നീതി’ എന്ന വാക്ക്. നിയമപാലകരാണ്
നീതി നടപ്പിലാക്കേണ്ടത് എന്ന് അല്പബുദ്ധിയായ ഞാൻ തെറ്റിദ്ധരിക്കുകയും ചെയ്തിരുന്നു. അനുഭവത്തിൽ അത് ശരിയല്ല എന്നു വ്യക്തമായി.
നട്ടെല്ലുവളയ്ക്കാത്ത പ്രകൃതവും മനസ്സാക്ഷിക്ക് ശരിയല്ല എന്ന് തോന്നുന്ന കാര്യങ്ങൾ
വെട്ടിത്തുറന്നു പറയുന്ന പ്രകൃതവും അധാർമ്മിക പ്രവൃത്തികളെ എതിർക്കുന്ന ശീലവും നീതിക്ക്
നിരക്കാത്തതാണോ ?
എന്നെ സംബന്ധിച്ച് മേല്പറഞ്ഞവ മൂന്നും ഒരു
വ്യക്തിയുടെ നല്ലഗുണങ്ങളാണ്. ഈ ഗുണങ്ങളെല്ലാമുള്ള വ്യക്തിയായിരുന്നു കേരളത്തിന്റെ നാടകാചാര്യൻ. സംഘാടകൻ, നടൻ, സംവിധായകൻ, രചയിതാവ്, അദ്ധ്യാപകൻ
തുടങ്ങി നാടകത്തിന്റെ സകല മേഖലകളിലും തന്റേതായ സംഭാവനകൾ മലയാള നാടകവേദിക്ക് നൽകിയ നാടക
മർമ്മജ്ജൻ. ഓരോ ശ്വാസത്തിലും ‘നാടകം ’ എന്ന മന്ത്രം മാത്രം
മുഴക്കിയിരുന്ന നാടക ഭ്രാന്തൻ - അതെ. ഇതൊക്കെ
ആയിരുന്നു ശ്രീ. പി.കെ.വേണുക്കുട്ടൻ നായർ.
ശ്രീ.ചിത്തിരതിരുനാൾ വായനശാലയ്ക്കുവേണ്ടി ആദ്യമായി സ്വതന്ത്ര മലയാള നാടകം (
അബദ്ധപ്പഞ്ചാംഗം, കുറുപ്പിന്റെ തിരുപ്പ് ) എഴുതിയ ശ്രീ.പി.കെ.കൃഷ്ണപിള്ളയുടേയും പി.കെ.വിക്രമൻ
നായരെ ഗർഭത്തിൽ പേറി ശാകുന്തളം നാടകത്തിലെ ശകുന്തളയെ ഗൃഹസദസ്സിൽ അവതരിപ്പിച്ച ശ്രീമതി.
കാർത്ത്യായനി അമ്മയുടേയും മകൻ. ഉറങ്ങാതിരുന്ന് നാടകം കാണാനായി ചോക്ലേറ്റുപെട്ടി വാങ്ങിക്കൊടുത്ത്
നാടകാവതരണം കാണിച്ചുകൊടുത്ത് വളർത്തിയ അച്ഛന്റെ അരുമ. ജ്യേഷ്ഠൻ പി.കെ.വിക്രമൻ നായരുടേയും
അമ്മാവൻ കെ.വി.നീലകണ്ഠൻ നായരുടേയും ശിക്ഷണത്തിൽ വളർന്ന കുട്ടി. പത്താം വയസ്സിൽ സമപ്രായക്കാരെകൂട്ടി ഡ്രമാറ്റിക്
ബ്യൂറോ എന്ന സംഘടന രൂപീകരിച്ച് സ്വതന്ത്രമായി നാടകപ്രവർത്തനം ആരംഭിച്ച പ്രതിഭ.
എപ്പോഴാണ് ദുരന്ത നായകന്റെ ലക്ഷണങ്ങൾ അദ്ദേഹത്തിൽ കണ്ടുതുടങ്ങിയത് ? തന്റെ പതിന്നാലാമത്തെ
വയസ്സിൽ പിതാവ് വിടപറഞ്ഞപ്പോഴോ? ലിറ്ററേച്ചറിൽ
തല്പരനായിരുന്ന അദ്ദേഹത്തെ ആഭിജാത്യത്തിന് കോട്ടം വരാതിരിക്കാൻ ബന്ധുക്കൾ നിർബ്ബന്ധിച്ച്
എഞ്ചിനീയറങ്ങിന് എൻട്രൻസ് എഴുതിപ്പിച്ചപ്പോഴോ? ‘പാൽക്കുളങ്ങരയിൽ ജനിച്ച്
ജീവിച്ചിട്ടും മെലിഞ്ഞുപോയതെന്ത് ’ എന്ന എഞ്ചിനീയറിംങ്
കോളേജിലെ പട്ടരുസാറിന്റെ ചോദ്യത്തിന് ‘പാൽക്കുളങ്ങരയിലെ പാലെല്ലാം
പരദേശിപ്പട്ടന്മാർ കുടിച്ചുതീർക്കുന്നതിനാൽ അവിടത്തുകാർക്ക് പാൽ കിട്ടാറില്ല അതുകൊണ്ടാണ്
മെലിഞ്ഞുപോയത് ’എന്ന അദ്ദേഹത്തിന്റെ മറുപടിയാണോ വിനയായത് ? അതോ പ്രിൻസിപ്പലിന്റെ
കൊള്ളരുതായ്മകളെ ഓട്ടൻ തുള്ളലായി അവതരിപ്പിച്ചതോ? പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയിട്ടും
സെഷണൽമാർക്ക് നൽകാതെ തോറ്റതായി കണക്കാക്കി അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച
കോളേജധികാരികൾക്ക് അതുകൊണ്ട് എന്തുനേട്ടമാണുണ്ടായത് ? ഒരു സർട്ടിഫിക്കറ്റിന്റേയും പിൻബലമില്ലാതെ
അദ്ദേഹം എത്രയോ വിദ്യാർഥികളെ പഠപ്പിച്ച് എഞ്ചിനീയർമാരാക്കി !
പിന്നെ ആ ലക്ഷണം എപ്പോഴാണ് അദ്ദേഹത്തിൽ ചേക്കേറിയത് ? തന്റെ മുപ്പത്തിയൊന്നാം
വയസ്സിൽ നാല്പത്തിയേഴ് വയസ്സുള്ള ജ്യേഷ്ഠൻ പി.കെ.വിക്രമൻ നായർ കലാകേരളത്തെ ദു:ഖത്തിലാഴ്ത്തി
മണ്മറഞ്ഞപ്പോഴോ ? അതോ പ്രണയിനിയെ മറ്റൊരുവിവാഹത്തിന് പ്രേരിപ്പിച്ച് ജ്യേഷ്ഠന്റെ ഒൻപതുമക്കളുടേയും
സംരക്ഷണം ഏറ്റെടുത്തപ്പോഴോ ? ലക്ഷ്മണന് ശ്രീരാമനോടെന്നപോലെ ആയിരുന്നല്ലോ വേണുക്കുട്ടൻ
നായർക്ക് വിക്രമൻ നായരോടുണ്ടായിരുന്ന സ്നേഹാദരങ്ങൾ. ഊർമ്മിളയെ അമ്മമാരുടെ പരിചരണത്തിനു നിയോഗിച്ച് സീതാരാമന്മാരോടൊപ്പം
ലക്ഷ്മണൻ വനവാസത്തിനു തയ്യാറായി – നീണ്ട പതിന്നാലു വർഷം സീതാരാമന്മാരെ സേവിച്ചു.
പ്രണയിനിയെ കുടുംബജീവിതത്തിലേയ്ക്ക് പറഞ്ഞയച്ച വേണുക്കുട്ടൻ നായർ യുവത്വത്തിന്റെ പതിന്നാലുവർഷം
ജ്യേഷ്ഠന്റെ മക്കൾക്കുവേണ്ടി ഹോമിച്ചു. അതിന്റെ
ഫലമായി ജ്യേഷ്ഠന്റെ നാലുപെണ്മക്കൾ സുമംഗലികളായി.
ആണ്മക്കൾ ഉദ്യോഗസ്ഥരുമായി. ഒടുവിൽ
ഏക അത്താണിയായിരുന്ന പെറ്റമ്മയുടെ മരണത്തോടെ ഓടയിൽനിന്ന് എന്ന നോവലിലെ റിക്ഷാക്കാരനെപ്പോലെ
ഒറ്റപ്പെട്ട വേണുക്കുട്ടൻ നായർ ഷേവിംങ്സെറ്റും ടൂത്ത്ബ്രഷും ഒരു ജോഡി ഡ്രസ്സും ഒരു
തുണിയിൽ പൊതിഞ്ഞുകെട്ടി ബാല്യ – കൗമാര – യൗവ്വനങ്ങൾ കഴിച്ചുകൂട്ടിയ
ആഫീസുവീട്ടിൽനിന്നും ഇറങ്ങി ലക്ഷ്യമില്ലാതെ നടന്നു. ചെന്നു കയറിയത് തിരുവനന്തപുരത്തെ
നളന്ത ടൂറിസ്റ്റ് ഹോമിൽ. സുഹൃത്തായിരുന്ന സിനിമാനടി ശാരദ കാര്യം തിരക്കിയപ്പോൾ പൊട്ടിക്കരഞ്ഞുപോയത്രേ
അദ്ദേഹം.
നാടകപ്രവർത്തനങ്ങളിൽ ആശ്വാസംകണ്ട
അദ്ദേഹം നളന്ദയിലും സത്രത്തിലും രാജധാനിയിലും
മാറിമാറി താമസിച്ചു. തൃശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിൽ ക്ലാസ്സുള്ളപ്പോൾ പ്രിമിയർ ലോഡ്ജിലും
പ്രൊഫസർ ജി. ശങ്കരപ്പിള്ളയുടെ വീട്ടിലും താമസിച്ചു. ഒരമ്മപെറ്റമക്കളെപ്പോലെ അവർ ( ജി.
ശങ്കരപ്പിള്ളയും പി.കെ.വേണുക്കുട്ടൻ നായരും ) ജീവിക്കുന്നത് ദൈവത്തിനും ഇഷ്ടപ്പെട്ടില്ല.
അതല്ലേ ശങ്കരപ്പിള്ള സാറിനെതിരെ വിദ്യാർഥികൾ സമരം ചെയ്തപ്പോൾ വേണുക്കുട്ടൻ നായരാണ്
അതിനുപിന്നിലെന്ന കിംവദന്തിവിശ്വസിച്ച് ശങ്കരപ്പിള്ള സാർ അദ്ദേഹത്തോട് പിണങ്ങിയത്
? ആ പിണക്കം അദ്ദേഹത്തിന് താങ്ങാനായില്ല. ശങ്കരപ്പിള്ള സാറിനും അങ്ങനെതന്നെ ആയിരുന്നിരിക്കാം.
അതല്ലേ മാസങ്ങൾ കഴിഞ്ഞപ്പോൾ ശങ്കരപ്പിള്ളസാർ ഞങ്ങളുടെ വീട്ടിലെത്തി മനസ്സുതുറന്നത്
? അതുകൊണ്ടല്ലേ യഥാർത്ഥവില്ലന്മാർ ആരൊക്കെയെന്ന് അവർക്ക് മനസ്സിലാക്കാനായത് ?
ഒറ്റയാനായ അദ്ദേഹത്തെ പരിചയപ്പെടാൻ
വേണ്ടിയായിരുന്നോ ഞാൻ എം.പി.യിലെ വിദ്യാർത്ഥിയായി എത്തിയത് ? എന്റെ ഗ്രാമത്തിലെ എളിയ
നാടകപ്രവർത്തനങ്ങൾക്ക് സഹായം തേടിയെത്തിയത് അതുകൊണ്ടായിരുന്നല്ലൊ. ലോകനാടക വേദിയെക്കുറിച്ചും ഇന്ത്യൻ നാടകവേദിയെക്കുറിച്ചും
മലയാള നാടകവേദിയെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനായതുകൊണ്ടല്ലേ എഴുതാൻ ഞാൻ ആവശ്യപ്പെട്ടത്
? എഴുതാൻ മടിയനാണെന്നു മനസ്സിലാക്കിയതുകൊണ്ടല്ലേ ഞാൻ പകർതിയെഴുത്തുകാരിയായി അദ്ദേഹത്തെ
വിടാതെ പിന്തുടർന്നത് ? അന്ന് അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തെക്കുറിച്ചും അദ്ദേഹത്തിന്റെ
അവസ്ഥയെക്കുറിച്ചും വിവരിക്കാൻ ശ്രീ. ഏഴാച്ചേരി രാമചന്ദ്രന്റെ വരികൾ കടമെടുക്കട്ടെ.
“തിരുവനന്തപുരത്തെ കിഴക്കേകോട്ടയിൽ
ട്രാൻസ്പോർട്ട് ബസ്സുകളുടെ വണ്ടിപ്പേട്ടയിൽ നിന്നും ഏറെ ദൂരെയല്ലാതെ പ്രസിദ്ധമായ എം.പി.ട്യൂട്ടോറിയൽസ്
എന്ന സാങ്കേതിക സ്ഥാപനത്തോടു ചേർന്നുള്ള ഒരു കുടുസ്സുമുറി…ചുറ്റും നോക്കിയാൽ പ്രഥമദൃഷ്ട്യാതന്നെ
ഒരുകാര്യം മനസ്സിലാകും അത് പൊറ്റെക്കാട് പറഞ്ഞ മട്ടിൽ ഒരു അവിവാഹിതന്റെ മടയാണ്. അത്യാവശ്യം
ഗൃഹോപകരണങ്ങൾ…നാടകത്തെ സംബന്ധിച്ച ഒട്ടനവധി താത്ത്വിക ഗ്രന്ധങ്ങൾ സാങ്കേതിക
ശാസ്ത്രഗ്രന്ഥങ്ങൾക്കൊപ്പം ചിതറിയും അല്ലാതെയും…..ഇഷ്ടപ്പെട്ട കളിക്കോപ്പുകൾക്കിടയിൽ
വിഹരിക്കുന്ന ഒരു ശിശുവിന്റെ നിഷ്കളങ്കതയോടെ വെടിലക്കറയും ബീഡിപ്പുകയുമേറ്റ് നിറംകെട്ട
പരിമിത ദന്തനിരകൾ”. അദ്ദേഹത്തിന്റെ
നാടകപ്രവർത്തനങ്ങളിൽ പകർത്തിയെഴുത്തുകാരിയായിട്ടെങ്കിലും പങ്കുചേരാനായതിൽ ഞാൻ അഭിമാനിച്ചു. പലരുടേയും നാടക സ്ക്രിപ്റ്റുകളെ രംഗപാഠമാക്കുന്നതിൽ
ഭാഗഭാക്കായ ഞാൻ ആ രംഗപാഠങ്ങളെ സ്വന്തം സൃഷ്ടിയെന്ന മട്ടിൽ നാടകസ്ക്രിപ്റ്റ് എഴുതിയവർ
അച്ചടിക്കുന്നതുകണ്ട് കലഹിച്ചപ്പോഴൊക്കെ ‘മലയാള നാടകവേദിക്ക് ശക്തമായ
നാടകകൃതിയുണ്ടാകട്ടെ; ആരുടെപേരിൽ വന്നാലെന്താ ? അതു കളയൂ. നമുക്ക് അടുത്തവർക്കിലേയ്ക്കുപോകാം
’
എന്നുപറഞ്ഞിരുന്ന
അദ്ദേഹത്തെ എങ്ങനെ ആദരിക്കാതിരിക്കും ? ഞങ്ങളുടെ കൂടിക്കാഴ്ചകൾ ആരുടെയൊക്കെയോ ഉറക്കം
കെടുത്തി. നാടക തർജ്ജിമകളുടേയും ലേഖനങ്ങളുടേയും രംഗപാഠങ്ങളുടേയും എണ്ണം കൂടുന്നതോടെ
അപവാദത്തൊഴിലാളികളുടെ ഭാവനാസൃഷ്ടികളുടെ എണ്ണവും പെരുകി. നിയന്ത്രണങ്ങൾ സഹിക്കാനാകാതെ
ഞാൻ വീടുവിട്ടിറങ്ങി. അദ്ദേഹത്തോടൊപ്പം താമസിക്കാനെത്തിയ എന്നെ നിരുൽസാഹപ്പെടുത്തി
ബന്ധുക്കളോടൊപ്പം അയയ്ക്കാൻ ശ്രമിച്ചത് എന്തിനായിരുന്നു? ഉദ്യോഗവും എഴുത്തുജോലിയും
ഒന്നിച്ചുകൊണ്ടുപോകാനാകാതെവന്ന ഞാൻ ഉദ്യോഗം ഉപേക്ഷിച്ചു. അത് ബുദ്ധിയാണോ എന്നേ അദ്ദേഹം
ചോദിച്ചുള്ളു. ഞാൻ അദ്ദേഹത്തിന്റെ ആരായിരുന്നു? ഭാര്യയോ? കാമുകിയോ? മകളോ? സുഹൃത്തോ? ഇരുപത്തിയഞ്ച് വർഷത്തെ
കുടുംബജീവിതത്തിനിടെ മലയാള നാടക വേദിക്ക് വളരെയേറെ സംഭാവനകൾ നൽകാനായി. ഇതിലും എത്രയോകൂടുതൽ
സംഭാവനകളുണ്ടായേനെ അദ്ദേഹത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിൽ!
പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ പി.കെ.വേണുക്കുട്ടൻ നായരെ നിയമപാലകരുടെ വേഷം
കെട്ടിയവർ സ്പിരിറ്റുകടത്തുകാരുമായി ചേർന്ന് ചെളിക്കുണ്ടിലേയ്ക്ക് വലിച്ചെറിഞ്ഞു…സമൂഹം അദ്ദേഹത്തെ ക്രൂരമായി
ഒറ്റപ്പെടുത്തി… തന്റെ നിരപരാധിത്വം തെളിയിക്കാൻ ഇടത് വലത് ഭേദമില്ലാതെ എല്ലാവരോടും
അദ്ദേഹം സഹായം അഭ്യർത്ഥിച്ചു. സ്പിരിറ്റുരാജാക്കന്മാരെ
ഭയന്നുജീവിക്കുന്ന അധികാരവർഗ്ഗം അദ്ദേഹത്തിന്റെ അപേക്ഷയെ കണ്ടില്ലെന്ന് നടിച്ചു. അവസാന
അത്താണിയായി കരുതിയിരുന്ന കോടതിയും ചതിച്ചു. തെളിവുകളെല്ലാം അദ്ദേഹത്തിന് അനുകൂലമായിരുന്നിട്ടും
സംശയത്തിന്റെ പേരിലെന്ന മുടന്തൻ ന്യായം പറഞ്ഞ് വനിതാജഡ്ജ് എം.ആർ.അനിത ( ഇപ്പോൾ അവരെ
ഡീബാർ ചെയ്തിരിക്കുന്നുവത്രേ. ) രണ്ടുവർഷത്തെ വെറും തടവിന് ശിക്ഷിച്ചു. അതിനെതിരെ ഹൈക്കോടതിയിൽ
അപ്പീലുകൊടുത്ത് കാത്തിരുന്ന അദ്ദേഹത്തെ രോഗങ്ങൾ കാർന്ന് തിന്നാൻ തുടങ്ങി. കേരളത്തിലെ
പ്രബുധരായ സാംസ്കാരിക പ്രവർത്തകർപോലും അകന്നപ്പോൾ ആ മനസ്സ് വേദനിച്ചു. സമൂഹത്തിനോട് വെറുപ്പും ദേഷ്യവുമായി. മനുഷ്യരോടുള്ള
വിശ്വാസം നഷ്ടമായി.
സോണിയാഗാന്ധിയെക്കുറിച്ച് എഴുതിത്തുടങ്ങിയ നാടകരചന നിറുത്തി..സി.ജെ.തോമസ്സിനെക്കുറിച്ച്
എഴുതിക്കൊണ്ടിരുന്നത് നിറുത്തി. നാടകം – അരങ്ങും കൃതിയും, മലയാള
നാടക ചരിത്രം, അഭിനയം, സംവിധാനം എന്നിവയെക്കുറിച്ച് എഴുതിക്കൊണ്ടിരുന്നതും നിറുത്തി.
നാടകരചനയെക്കുറിച്ച് എഴുതിയതിന്റെ മിനുക്കുപണികൾ വേണ്ടെന്നുവച്ചു. നിരപരാധിത്വം തെളിയിക്കണമെന്ന
വാശിയും പതിനഞ്ച് വർഷം മുൻപേ രംഗപാഠം തയ്യാറാക്കി മൂകാംബിക ക്ഷേത്രത്തിൽനിന്നും പൂജിച്ചുവാങ്ങിയ
‘ആന്റണിയും ക്ലിയോപാട്രയും’ എന്ന നാടകം സംവിധാനം
ചെയ്ത് അവതരിപ്പിക്കണമെന്ന ആഗ്രഹവുമാണ് കഴിഞ്ഞ പത്തുവർഷം അദ്ദേഹത്തെ ജീവിപ്പിച്ചത്. കാത്തിരിപ്പ് വ്യർത്ഥമാണെന്ന് ബോദ്ധ്യമായതോടെ രോഗാവസ്ഥ
കൂടി….യാത്രയും പറഞ്ഞു.
ശ്രീ.സൂര്യാകൃഷ്ണമൂർത്തിയുടെ സഹായ
ഹസ്തങ്ങൾ ഇല്ലായിരുന്നെങ്കിൽ രണ്ടുവർഷം മുൻപുതന്നെ അദ്ദേഹം അന്തരിച്ചേനെ. അന്ന് കൃഷ്ണമൂർത്തിസാറിന്റെ
ഇടപെടൽ കാരണം സർക്കാരിൽനിന്നും വ്യക്തികളിൽനിന്നുമായി രണ്ടുലക്ഷത്തോളം രൂപ ലഭിച്ചു.
ശ്രീ.പി.കെ.വേണുക്കുട്ടൻ നായരുടെ എൺപതാം പിറന്നാൾ കൃഷ്ണമൂർത്തിസാറിന്റെ നേതൃത്വത്തിൽ
ആർഭാടമായി നടത്തി. പിറന്നാളുകാരൻ രചിച്ച ‘ആന്റിഗണി’ നാടകത്തിന്റെ അവതരണവും
ആ നാടകത്തിന്റെയും ‘മലയാളനാടകത്തിന്റെ വികാസപരിണാമങ്ങൾ’ എന്ന പുസ്തകത്തിന്റെയും
പ്രകാശനവും നടത്തി. 2011ലെ സൂര്യാ ഫെസ്റ്റിവലിൽ ഗുരുപൂജ നൽകി അദ്ദേഹത്തെ ആദരിച്ചു. ഒന്നേമുക്കാൽ ലക്ഷം രൂപ സൂര്യ അദ്ദേഹത്തിന്റെപേരിൽ
സ്ഥിരനിക്ഷേപമിട്ടു. ചലച്ചിത്ര അക്കാഡമിയിൽനിന്നും മാസം ആയിരം രൂപ പെൻഷനും അദ്ദേഹത്തിന്
ലഭിച്ചുതുടങ്ങി.
2012 ജനുവരിമുതൽ ഉണ്ടായിരുന്ന അസുഖങ്ങളുടെ
തീവ്രത കൂടിയെന്നുമാത്രമല്ല കടുത്ത ഹീമോഫീലിയയും വിരുന്നെത്തി കുടിപാർക്കാൻ തുടങ്ങി. 2009 ൽ തലച്ചോറിൽ രക്തം കട്ടപിടിച്ച് ഓർമ്മശക്തിയെ
തടഞ്ഞെങ്കിൽ 2012 ൽ ശ്വാസകോശത്തെ ദ്രവിപ്പിച്ച് ജീവിതം ദുസ്സഹമാക്കുകയായിരുന്നു. തന്റെ ആയുസ്സിന്റെ നീളം കുറഞ്ഞ്കുറഞ്ഞുവരികയാണെന്ന്
മനസ്സിലാക്കിയ അദ്ദേഹം എത്രയുംവേഗം നിരപരാധിത്വം തെളിയിക്കാനായെങ്കിൽ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു.
2012 ജൂൺ ഏഴാംതീയതിക്കും നവംബർ ഇരുപത്തിയാറിന് അദ്ദേഹം അന്ത്യയാത്രയായതിനിടയ്ക്കും
വീട്ടിൽ കഴിച്ചുകൂട്ടിയത് കഷ്ടിച്ച് ഒരാഴ്ച.
ആശുപത്രിവാസത്തിനിടെയും നിരപരാധിത്വം എത്രയുംവേഗം തെളിയിക്കാൻ സഹായിക്കണമെന്ന്
ബന്ധപ്പെട്ട മന്ത്രിമാരോടൊക്കെ അപേക്ഷിച്ചു. 25000 രൂപ നൽകി; ചികിൽസാചെലവുകൾ മുഴുവൻ
സർക്കാർ നടത്തുമെന്ന മന്ത്രിയുടെ പ്രസ്താവന വ്യർത്ഥമായപ്പോൾ സർക്കാരിന്റെ ശ്രദ്ധക്ഷണിക്കാൻ
ഞാൻ പത്രത്തിലൂടെ അവശത അറിയിച്ചുകൊണ്ടേയിരുന്നു.
സിനിമാകലാകാരന്മാർക്ക് ലക്ഷങ്ങൾ ചെലവാക്കുന്ന സർക്കാർ ഒരു പാവം നാടകാചാര്യനു
നൽകിയത് 25000 രൂപ. സിനിമാ കലാകാരനെ സന്ദർശിക്കാൻ മന്ത്രിമാർ മൽസരിക്കുമ്പോൾ നാടകാചാര്യനെ
ആശുപത്രിയിൽ വന്നുകണ്ടത് സാംസ്കാരിക മന്ത്രിമാത്രം. അദ്ദേഹത്തിന്റെ കോടികൾ വിലമതിക്കുന്ന
സ്വത്ത് കൈവശപ്പെടുത്തിയരോ പതിന്നാലുവർഷം ചോരനീരാക്കി വളർത്തിയ ജ്യേഷ്ഠന്റെ മക്കളോ
ആരും തിരിഞ്ഞുനോക്കിയില്ല. ആയുർവേദകോളേജിൽ മുപ്പത്തിയൊന്നായിര ത്തോളം രൂപ അടയ്ക്കേണ്ടതുമുണ്ട്.
ഒടുവിൽ സ്വകാര്യാശുപത്രിയിലെ ബില്ലടയ്ക്കാൻ സന്മനസ്സുള്ളവരുടെ സഹായം തേടേണ്ടിവന്നു
എനിക്ക്.
ദുരന്ത നാടകത്തിലെ നായകന് ട്രാജിക്ഫ്ലാ
ഉണ്ടായിരിക്കുമെന്ന് ശ്രീ.പി.കെ.വേണുക്കുട്ടൻ നായർ എന്നെ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ
താനൊരു ദുരന്തനായകനാണെന്നു സമ്മതിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അദ്ദേഹം പഠിപ്പിച്ച പാഠങ്ങളുടെ പിൻബലത്തോടെ അദ്ദേഹത്തെ
വിശകലനം ചെയ്യാൻ ശ്രമിച്ച ഞാൻ കണ്ടെത്തിയത് ഇതാണ് . ദുരന്തനായകൻ തന്നെയായിരുന്നു
ശ്രീ. പി.കെ. വേണുക്കുട്ടൻ നായർ - നട്ടെല്ലുവളയ്ക്കാത്ത പ്രകൃതം, അനീതിക്കും അധർമ്മത്തിനുമെതിരെ
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം, എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതം, സർവ്വോപരി
യഥാർത്ഥ സോഷ്യലിസ്റ്റുചിന്ത ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ദുരന്തകാരണങ്ങൾ.
ഭൗതികനേട്ടങ്ങളുടെ കാര്യത്തിൽ
നിർദ്ധനനായിരുന്നെങ്കിലും വിജ്ഞാനത്തിന്റെ കാര്യത്തിലും സംസ്കാരത്തിന്റെ കാര്യത്തിലും
സമ്പന്നനായിരുന്നു ശ്രീ.പി.കെ.വേണുക്കുട്ടൻ നായർ. 1962 നവമ്പർ 3 ന് വിടപറഞ്ഞ പ്രിയ
ജ്യേഷ്ഠന്റെ പിന്നാലെ 2000 ഒക്ടോബർ 15ന് കൊച്ചേട്ടനും
പോയി. 2012 നവമ്പർ 26 ന് അവരോടൊപ്പം ചേരാൻ
ചമയങ്ങളെല്ലാം ഉപേക്ഷിച്ച് പി.കെ.വേണുക്കുട്ടൻ നായർ യാത്രയായി - ആരോപിക്കപ്പെട്ട കളങ്കവും പേറിക്കൊണ്ടുള്ള യാത്ര, ദുരിതപൂർണ്ണമായ ഒരു വാർദ്ധക്യകാലം അദ്ദേഹത്തിൽ അടിച്ചേൽപ്പിച്ച
കേരളസർക്കാർ ഔദ്യോഗിക ബഹുമതികളോടെയുള്ള ശവസംസ്കാരത്തിനുപോലും തയ്യാറായില്ല. അതോർത്ത്
നാളെ കേരളം ലജ്ജിക്കട്ടെ.
No comments:
Post a Comment