ആധുനിക മലയാള നാടകവേദിയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച
നാടക പ്രതിഭയാണ് ശ്രീ.പി.കെ.വേണുക്കുട്ടൻ നായർ. നടൻ, സംവിധായകൻ, നാടക രചയിതാവ്, വിവർത്തകൻ,
അദ്ധ്യാപകൻ, സംഘാടകൻ എന്നിങ്ങനെ നാടകവേദിയുടെ സമസ്തമേഖലകളിലും തന്റേതായ മുദ്രപതിപ്പിക്കാൻ
അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ അനുഭവത്തിൽനിന്നും ആഴത്തിലുള്ള പഠങ്ങളിൽനിന്നും
ആർജ്ജിച്ചെടുത്ത വ്യതിരിക്തങ്ങളായ നിരീക്ഷണങ്ങളാണ് തുടർന്നു വരുന്നത്.
നാടകവേദി
നിങ്ങളെല്ലാവരും നാടകം
കണ്ടിരിക്കുമെന്നണ് എന്റെ വിശ്വാസം. എന്നുതന്നെയല്ല നിങ്ങളിൽ ഒട്ടേറെപ്പേർ നാടകം എഴുതാനോ
അതിൽ അഭിനയിക്കനോ ഒന്നുമല്ലെങ്കിൽ നാടകങ്ങൾ സംഘടിപ്പിക്കാനോ ഒക്കെ ശ്രമിച്ചിട്ടുമുണ്ടാകും.
ആ നിലയ്ക്ക് അരങ്ങ് ( നാടകവേദി ) എന്നാൽ എന്ത് എന്നൊരു ചോദ്യം ഞാൻ നിങ്ങളുടെനേർക്കെറിയുന്നു
എന്നു വയ്ക്കുക. പുച്ഛംകൊണ്ട് നിങ്ങൾക്കെന്നെ അഭിഷേചിക്കാൻ തോന്നിയാൽ അത് കുറ്റമല്ല.
“ ഛായ്…..ലജ്ജാവഹം “ എന്ന് പഴയൊരുനായകന്റെ
പോസിൽ പരിഹസിക്കുകപോലുമാകാം. എങ്കിലും ഞാൻ ആ ചോദ്യം ചോദിക്കുവാൻ തന്നെ ആഗ്രഹിക്കുന്നു.
എന്താണ് അരങ്ങ് അഥവാ രംഗവേദി ? അതുമല്ലെങ്കിൽ സായിപ്പിന്റെ ഭാഷയിൽ സ്റ്റേജ്? നാടകത്തിനെന്നല്ല
എല്ലാ രംഗകലകൾക്കും ഈയൊരുസാധനം വേണമെന്ന് നമുക്കറിയാം. പക്ഷേ അതിന്റെ സ്വഭാവം…. അതിന്റെ അവശ്യ ഘടകങ്ങൾ
എന്തെല്ലാമാണെന്ന് അറിയാമോ ? അതാണീചോദ്യത്തിന്റെ ആന്തരാർത്ഥം. ഞാൻ നിങ്ങളോട് പ്രസംഗിക്കുന്നു
എന്നു വയ്ക്കുക. ഒരു തട്ടിന്റെ മുകളിൽ നിന്നായിരിക്കും എന്റെ പ്രഭാഷണം. നിങ്ങളാകുന്ന
ശ്രോതാക്കൾ ഞാൻ പറയുന്നതും കേട്ട് മുന്നിലിരിക്കുന്നു. ഞാൻ നിൽക്കുന്ന തട്ടിന്റെ ധർമ്മം
പ്രാസംഗികനായ എന്നെ ശ്രോതാക്കളായ നിങ്ങളുടെ മുമ്പാകെ എവിടെ നിന്നാലും കാണത്തക്കവിധം
ഉയർത്തിക്കാട്ടുകയെന്നതുമാത്രമാണ്. അത്തരമൊരു തട്ടുണ്ടായാൽ അരങ്ങാകുമോ ? അരങ്ങ് എന്നതിന്
തട്ടുതന്നെ വേണമോ ? അമ്പലമുറ്റത്തെ മുടിയേറ്റുകാരൻ ഏതു തട്ടിനെയാണ് ആശ്രയി ക്കുന്നത് ? അപ്പോൾ പണ്ടാരോ പറഞ്ഞതുപോലെ തട്ടുണ്ടായാൽ
മാത്രം അരങ്ങാകണമെന്നില്ല. തട്ടില്ലാതെ അരങ്ങുണ്ടാക്കുകയുമാകാം. എങ്ങനെ ? പ്രസംഗം കേൾക്കാൻ
ആളില്ലാത്തിടത്ത് ആ തട്ടിന് പ്രസക്തിയുണ്ടോ ? ഇല്ല. അപ്പോൾ കേൾക്കാനായാലും കാണാനായാലും
കൂടുന്ന ആളുകൾ ഒരു പ്രധാന ഘടകമാണ്. കളിക്കാനെടുക്കുന്ന സ്ഥലവും അതിനു മുന്നിലോ ചുറ്റുമോ
മൂന്നുവശത്തുമോ കൂടുന്ന കുറേ കാഴ്ചക്കാരും തമ്മിലുള്ള പൊരുത്തമാണ് നാടകത്തിലെ അരങ്ങ്
എന്നു പറയുന്നത്. ആ പൊരുത്തം പണ്ടെങ്ങോ നാടോടിയായി നാടകം വളർന്നില്ലേ ? ആ കാലം മുതൽ
ഇന്നുവരെയുണ്ട്. തെരുവിൽ നാടകം കളിക്കണമെങ്കിൽ നിരത്തിന്റെ പൊരുത്തവും നാടകത്തിന്റെ
അവതരണത്തിലെ പ്രധാന ഘടകമായിത്തീരും.
ലോകത്ത് അതിപുരാതന കാലം മുതൽ ഇന്നോളമുള്ള അരങ്ങിന്റെ നാനാതരത്തിലുള്ള വളർച്ചകളെ
ചിത്രങ്ങളോടെ വിവരിക്കുന്ന ഒട്ടനേകം ഗ്രന്ഥങ്ങളുണ്ട്. ഗ്രീക്കുകാരുടെ നാടക സമ്പ്രദായങ്ങളും
ഷേക്സ്പിയർ മഹാകവിയുടെ നാടകങ്ങൾ കളിക്കാനുപയോഗിച്ചുപോന്ന രംഗസമ്പ്രദായങ്ങളും പിന്നീടുവന്ന
ഒട്ടനേകം വ്യത്യസ്തരീതികളും മനസ്സിലാക്കേണ്ടത് നാടക പ്രവർത്തകരുടെ ധർമ്മമാണ്.
നാടകം കളിക്കുന്നവർക്കു മാത്രമല്ല, എഴുതുന്നവർക്കും
ഈ അറിവുവേണം.
നമ്മുടെ നാട്ടിലെ രംഗവേദി ഏതുപ്രകാരത്തിലുള്ളതാണ്
?
നിങ്ങൾ
സ്ക്കൂളിലോ വായനശാലയിലോ ഉണ്ടാക്കി വയ്ക്കുന്ന രംഗവേദി മുന്നിൽ ആളുകൾ ഇരുന്ന് ഉയർന്ന
ഒരു തട്ടിൽ ഇരുവശവും നിരത്തിയിട്ടുള്ള പാർശ്വ തട്ടികൾക്കിടയിൽ കാണുന്ന ഏറെക്കുറെ ചതുർമാനമായ
സ്ഥലമാണത്. ഇല്ലേ ? അവിടെയാണ് സംഭവങ്ങൾ നടക്കുന്നത്. കഥാപാത്രങ്ങൾ വരുകയും മറയുകയും
ചെയ്യുന്നത്. നാടകം ഇതൾവിരിയുകയും കൊഴിയുകയും ചെയ്യുന്നത്. ഈയൊരു സമ്പ്രദായം നമ്മുടെ
നാട്ടിലെ സമ്പ്രദായമായിരുന്നില്ലെന്ന് ആദ്യം തന്നെ ഓർക്കണം. നമ്മുടെ തനതു സമ്പ്രദായം
നടുക്ക് നാടകം കളിക്കുകയും ചുറ്റും ആളിരുന്നുകാണുകയും ചെയ്യുന്ന ഒരു പഴയ ഏർപ്പാടായിരുന്നില്ലേ
? നമ്മുടെ ഒട്ടേറെ കളികൾ ആ വിഭാഗത്തിൽപ്പെടുന്നവയല്ലേ ? ഇത് പടിഞ്ഞാറൻ നാട്ടിൽനിന്നും കടൽ കടന്ന് ബോംബെയിൽ
വന്ന് അവിടെനിന്നും തമിഴുനാട് വഴി സഞ്ചരിച്ച് ഇവിടെ എത്തിച്ചേർന്ന ഒരു ഏർപ്പാടാണ്.
ഏതായാലും കഴിഞ്ഞ മുപ്പതോ നാൽപ്പതോ വർഷങ്ങളായി ഈ അരങ്ങും അതിന്റെ സമ്പ്രദായങ്ങളും തന്നെയാണ്
നമ്മെ ഭരിക്കുന്നത്.
ഈ രീതികളിൽ നിന്നും അരങ്ങൊരുക്കലിന്
– ഒരുക്കലിനുമാത്രം എന്നുവച്ചാൽ
അരങ്ങിന്റെ അടിസ്ഥാനശില്പത്തിനല്ലെന്നർഥം. മാറ്റം വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ്
നാം. നാടകം കൂടുതൽ ഭാവനയിൽ അധിഷ്ഠിതമായിക്കൊണ്ടിരിക്കുമ്പോൾ
തഥ്യയും മിഥ്യയും ഇടകലർന്നതും മറ്റുമൊക്കെയാകുമ്പോൾ അവയ്ക്കെല്ലാം ഇന്നത്തെ വിധത്തിലുള്ള
അരങ്ങൊരുക്കലിന്റെ ഭാഷ അല്പാല്പം നമ്മുടെ നാടകവേദിയിലും പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്. അതിനപ്പുറമുള്ള മൗലികമായ മാറ്റത്തിന് നമ്മുടെ നിലവിലുള്ള തിയേറ്ററുകൾ
മുഴുവൻ തല്ലിപ്പൊളിച്ചുകളയുകയും തുറന്ന മൈതാനങ്ങളിലേയ്ക്ക് നാടകക്കാരനെ ആട്ടിപ്പായിക്കേണ്ടിയും
വരുമെന്നാണ് തോന്നുന്നത്. അക്ഷരാർത്ഥത്തിലല്ലെങ്കിലും
അപ്രകാരം എന്തെങ്കിലുമൊന്നു നടക്കുമ്പോൾ മാത്രമേ ഒരു മാറ്റം സംഭവിക്കൂ.
പ്രാസംഗികൻ നിൽക്കുന്ന തട്ട് ഒരു വെറും തട്ടുമാത്രമാണ്. ജഡവസ്തു. നാടകക്കാരൻ
ഒരുക്കുന്ന തട്ട് ജീവനും ചലനവും വികാരവും എല്ലാമുള്ള ജൈവവസ്തുവാണ്. അതുകൊണ്ടുതന്നെ അതിന് കാലനിയമമനുസരിച്ചുള്ള വളർച്ചവന്നേ
തീരൂ. അതുതന്നെയാണ് നിങ്ങൾ എപ്പോഴും ഓർക്കേണ്ടതും.
No comments:
Post a Comment