Thursday, 24 May 2012

മലയാള നാടകവേദി തളരുകയാണോ ? പി.കെ.വേണുക്കുട്ടൻ നായർ



              മലയാളനാടകവേദി തളരുകയാണെന്നാണ് ഒരു വിഭാഗം നാടകപ്രവർത്തകരുടെ ശക്തമായ അഭിപ്രായം.  ഒരു പടികൂടി കടന്ന് ചൈതന്യം നശിച്ച് ജഡാവസ്ഥയിലാണ് എന്നുവാദിക്കുന്നവരുമുണ്ട്.  ഇങ്ങനെ അഭിപ്രായം പറയുന്നവരിൽ ഭൂരിപക്ഷവും കഴിഞ്ഞ ദശകങ്ങളിൽ അവരെക്കൊണ്ട് ആകുന്നതെല്ലാം മലയാള നാടകവേദിക്കു നൽകി എന്നു വിശ്വസിക്കുന്നവരാണ്.  അമ്പതുകളിൽ മലയാള നാടകവേദിക്കു ലഭിച്ച പുതിയ ഉണർവിനെ വളർത്തിയെടുക്കാൻ ശ്രമിച്ചവരാണ് എന്ന അവകാശവാദവുമുണ്ട് ഇതിൽ ചിലർക്ക്.  പിന്നെന്തുകൊണ്ട് തളർച്ച സംഭവിച്ചു എന്ന ചോദ്യം ഇവിടെ ഉയരുന്നു.  അവരെല്ലാം മിക്കവാറും നാടകകലാപ്രവർത്തനത്തിലെ സജീവ പങ്കാളിത്തത്തിൽ നിന്നും വിരമിച്ചതുകൊണ്ടാണോ ?  കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പ്രതിഭാധനന്മാരുടെ പിൻതുടർച്ചക്കാരായി നാടകകലാവിദഗ്ദ്ധന്മാർ രംഗപ്രവേശം ചെയ്യാത്തതുകൊണ്ടാണോ ?  അതോ ഇപ്പോൾ നാടകകല കൈകാര്യം ചെയ്യുന്നവർ കലാമേന്മയ്ക്കുവേണ്ടി കഠിനയത്നം ചെയ്യാത്തതു കൊണ്ടാണോ ? ഈ ചോദ്യങ്ങൾക്കൊക്കെ അനുകൂലങ്ങളും പ്രതികൂലങ്ങളുമായ അഭിപ്രായങ്ങൾ പ്രസംഗവേദികളിലും പത്രപംക്തികളിലും മുഴങ്ങിക്കൊണ്ടിരി ക്കുന്നുമുണ്ട്.
        കഴിഞ്ഞ അമ്പതോളം വർഷങ്ങളിലായി നാടകവേദിയുടെ രണ്ടു മണ്ഡലങ്ങളുടേയും നിരീക്ഷകനായും പ്രവർത്തകനായും വളരെ താല്പര്യ ത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ഇത്തരമൊരു ഭീതി ശ്വാസം മുട്ടലുണ്ടാക്കുന്നില്ല.  എല്ലാവേദികളിലും രാഷ്ട്രീയം, കല തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലും കാലത്തിന്റെ ഒഴുക്കനുസരിച്ച് ഉയർന്ന നിലവാരം തുടരെ പുലർത്താൻ കഴിയില്ലെന്നും ഉയർച്ചകളും താഴ്ചകളും സംഭവിക്കാറുണ്ടെന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നുമുണ്ട് എന്ന് ഓർക്കണം.  എന്നിട്ടുവേണം ജഡത്വത്തിലേയ്ക്കുള്ള തളർച്ചയിലൂടെയുള്ള നീക്കം തുടരെ ഉണ്ടായിക്കൊണ്ടി രിക്കുകയാണെന്നു വിലപിക്കേണ്ടത്. അടുത്തഘട്ടത്തിലെ വളർച്ചയുടെ മുന്നോടിയായി അതിലേയ്ക്കാവശ്യമായ പ്രവർത്തകരെ വാശിയോടെയുള്ള പ്രവർത്തനത്തിന് സജ്ജമാക്കാൻ വേണ്ടിയും താൽക്കാലിക മങ്ങൽ കാലാകാലങ്ങളിൽ സംഭവിക്കാറുണ്ടെന്നും  ചരിത്രം തെളിയിച്ചിട്ടുണ്ട്.  പക്ഷേ അത്തരം പാഠങ്ങൾ നിരത്തി സമാധാനം തേടാതെ എന്താണ് നാടകവേദിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം.
                 പ്രവർത്തകരായും കാഴ്ചക്കാരായും വളരെക്കൂടുതലാളുകൾ പങ്കെടുക്കുന്ന പ്രൊഫഷണൽ നാടകവേദിയുടെ കാര്യം ആദ്യം എടുക്കാം.  വലിപ്പംകൊണ്ടു മാത്രമല്ല, മലയാള നാടകം നടക്കുന്ന നാടുകളിലെല്ലാം നാടകത്തോടുള്ള സജീവ താല്പര്യം നിലനിറുത്തുന്നതിനും സദാപ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ശക്തി എന്ന നിലയിൽക്കൂടിയാണ്.  ഓരോ വർഷവും പുതിയ സമിതികളും കലാസാങ്കേതിക പ്രവർത്തകരും ഈ മണ്ഡലത്തി ലേയ്ക്കെത്തുന്നു. പക്ഷേ കഴിഞ്ഞ ദശകങ്ങളിലെ ജനതാല്പര്യം കുറയുന്നു എന്ന് ആശങ്കയുണ്ടാക്കത്തക്ക നിലയിൽ നാടകപ്രദർശനങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഫൈൻ ആർട്ട്സ് സൊസൈറ്റികളും ഉൽസവപ്പറമ്പുകളും വാർഷികാഘോഷങ്ങളുമാണ് കൂടുതൽ വേദികൾ ഈ മണ്ഡലത്തിനു നൽകുന്നത്.  ഇത്തരം വേദികളിൽ പ്രീയപ്പെട്ടതായിരുന്ന ഇതര ദൃശ്യ ശ്രവ്യ കലാപ്രകടനങ്ങളെ പിന്നിരയിലേയ്ക്ക്  തള്ളിക്കൊണ്ട് തൊണ്ണൂറു ശതമാനത്തോളം വേദികൾ നാടകം കൈയ്യടക്കി ജൈത്രയാത്ര നടത്തുകയായിരുന്നു ആയിരത്തിത്തൊള്ളായിരത്തി എൺപതിനു ശേഷമുള്ള ദശകം.  ആ അവസ്ഥയാണ് തുടരെ മാറിക്കൊണ്ടിരുന്നത് തൊണ്ണൂറിനു ശേഷം.  ഇന്നാണെങ്കിൽ എണ്ണത്തിൽ നാടകത്തിന്റെ സംഖ്യയെ കവച്ചു നിൽക്കുകയാണ് മിമിക്രി, ഗാനമേള തുടങ്ങിയവയ്ക്കു ലഭിക്കുന്ന വേദികൾ.
              ഈ മാറ്റം സൂചിപ്പിക്കുന്നത് എന്തിനെയാണ് ? ഒരുകാലത്ത് പ്രേക്ഷകനുലഭിച്ചിരുന്ന ഉൽസാഹവും ഉന്മേഷവും ഇന്നത്തെ നാടകത്തിനു നൽകാൻ കഴിയാത്തതുകൊണ്ടാണോ ? അതോ ഒരേശൈലി വലിയ വ്യത്യാസങ്ങളൊന്നും കൂടാതെ വർഷങ്ങളായി ആവർത്തിക്കപ്പെട്ടുകൊണ്ടി രുന്നതിൽ ഉണ്ടായ മടുപ്പാണോ ? രണ്ടാമത്തേതിനാണ് കൂടുതൽ പരിഗണന നൽകേണ്ടത്.  യാചകി യും  കരുണ യുമൊക്കെ കളിച്ച് വളരെ ജനപ്രിയ വസ്തുവായിത്തീർന്ന മുൻകാല കച്ചവട നാടകങ്ങളുടെ പ്രകടന ശൈലിയിൽ വന്ന ആവർത്തനവിരസതയല്ലേ അമ്പതുകളിലെ പുതിയ ശൈലി സ്വീകരിക്കാൻ   പ്രേക്ഷകർക്ക് ആവേശം നൽകിയത് ? അതിന്റെ വേരുറപ്പിക്കലിനു വഴിതെളിച്ചതും പ്രേക്ഷകാഭിരുചിയിൽവന്ന മാറ്റമായിരി ക്കണമല്ലൊ ? മുൻഷി പരമുപിള്ളയും സ്വാമി ബ്രഹ്മവ്രതനുമെല്ലാം ഒരുകാലത്ത് കൊടികുത്തിവാണിരുന്ന മണ്ഡലത്തിൽ അവരുടെ ആധിപത്യം തകർത്തത് ആ മാറ്റത്തെ ശക്തിപ്പെടുത്താൻ പ്രതിഭാധനന്മാരുടെ ആവിർഭാവമുണ്ടായതും ഞാൻ വിസ്മരിക്കുന്നില്ല.  ഇന്നത്തെ മലയാള സംഗീത നാടകങ്ങൾക്ക്  പ്രദർശനാവസരങ്ങൾ കുറയുന്നതിനുകാരണം പ്രേക്ഷകരുടെ താല്പര്യക്കുറവാണ് അല്ലെങ്കിൽ കൂടുതലെന്തോ ആവശ്യപ്പെടുന്ന വ്യഗ്രതയാണ് എന്നത് നിഷേധിക്കാനാവാത്ത ഒരു സത്യമാണ്.  ഉൽസവവേദികൾ ഇത് പ്രത്യക്ഷമായി തെളിയിക്കുന്നുമുണ്ട്. 
                        കച്ചവട മനോഭാവത്തിന്റെ അതിപ്രസരംകൊണ്ട് കലാമൂല്യത്തെ അവഗണിക്കുന്ന സമിതിക്കാരുടെ ആധിപത്യമാണ് പ്രേക്ഷകതാല്പര്യത്തെ കുറയ്ക്കുന്നത് എന്ന് വാദത്തിനുവേണ്ടി സമ്മതിക്കാം. പക്ഷേ ഉണ്ടായകാലം മുതൽ പ്രൊഫഷണൽ നാടകവേദിയെ നിയന്ത്രിച്ചിരുന്നത് കച്ചവട മനോഭാവമാണ്.   അത്ഭുതപൂർവമായ ജനപിന്തുണ ലഭിച്ച അമ്പതുകളില്പോലും കേരളത്തിലെ ഒന്നോ രണ്ടോ സമിതികൾക്കുമാത്രമേ കച്ചവട മനോഭാവത്തിന് അടിമപ്പെടാതെ ഒരളവുവരെ മാത്രം ജനപ്രീണനം കലാമേന്മ നഷ്ടപ്പെടാതെ ഉറപ്പുവരുത്തുന്ന ശൈലി വച്ചുപുലർത്താൻ കഴിഞ്ഞുള്ളു.  ഹാസ്യത്തിനുവേണ്ടി പ്രത്യേക കഥാപാത്രത്തെ ഉൾപ്പെടുത്തു മായിരുന്നെങ്കിലും സാമൂഹ്യപ്രതിബദ്ധതയോടെ ഇതിവൃത്ത സ്വീകരണവും നാടക വികാസവും നിർവഹിക്കണമെന്ന നിർബന്ധബുദ്ധി ഉള്ളവരായിരുന്നു  ചിലരെങ്കിലും. എങ്കിലും കാലപ്രവാഹത്തിൽ പൂർണ്ണമായും കച്ചവട മനോഭാവ ത്തിൽ എത്തിച്ചേരാൻ ഒന്നുരണ്ടു ദശാബ്ദങ്ങളേ വേണ്ടിവന്നുള്ളു.  അപ്പോഴേയ്ക്കും സമിതികളുടെ എണ്ണം കൂടി.  നാടകപ്രവർത്തനങ്ങളുടെ ആവശ്യവും പെരുകി.  ഒരു ദശാബ്ദംകൂടി കഴിഞ്ഞപ്പോൾ പ്രേക്ഷകനെ എങ്ങനെയെങ്കിലും   രസിപ്പിക്കുകയെന്നതായിത്തീർന്നു പ്രധാന മുദ്രാവാക്യം.  ഇതിവൃത്ത ഗാംഭീര്യവും നാടകീയ മുഹൂർത്തങ്ങളുടെ പവിത്രതയും അവഗണിച്ചുകൊണ്ട് ഇക്കിളി പ്പെടുത്താനും ചിരിപ്പിക്കാനും എന്തുമാകാമെന്നത് പതിവുസമ്പ്രദായമായി.
                      ഇതിന് ഒന്നുരണ്ട് അപവാദങ്ങളുണ്ടായ കാര്യം ഞാൻ വിസ്മരിക്കുന്നില്ല. കലാമൂല്യം തെളിയിക്കുന്നവ സാമാന്യ നിയമത്തെ തെളിയി ക്കുന്നതിന് അപവാദമായി  നിലകൊണ്ടതേയുള്ളൂ . ഇന്ന് പുരാണമോ ചരിത്രമോ സമൂഹികമോ ആകട്ടെ വിഷയം.  രസിപ്പിക്കാനെന്ന ഭാവത്തിലുള്ള പടക്കം പൊട്ടിക്കലുകൾ സന്ദർഭ ഗൗരവം പോലും പാലിക്കാതെ വിതറിയി ട്ടിരിക്കുന്നതായാണ് നാം കാണുന്നത്. പുരാണത്തിലെ പ്രൗഡ്ഡകഥാപാത്രമായ കുന്തീദേവിയെ മൂന്നുനാലുപേർക്ക് തുടരെ പെരുമാറത്തക്ക ചരക്കായി രംഗത്തു വ്യാഖ്യാനിക്കുന്നതുപോലും സഹൃദയരടക്കമുള്ള സദസ്സിന്റെ ചിരിയിൽ മുഴുകിയുള്ള സ്വാഗതത്തിനു പാത്രമാകുന്ന നിലവാരം വരെ എത്തിയിട്ടുണ്ട്.  ഈ സാമാന്യ നിയമത്തിൽ നിന്നും മാറിനിൽക്കുന്ന നാടകങ്ങൾക്ക് പ്രദർശനാവസരങ്ങൾ നിഷേധിക്കപ്പെട്ടു തുടങ്ങി.  നേരത്തേ പറഞ്ഞ മടുപ്പിലേയ്ക്ക് വഴി തെളിച്ചത് ഇത്തരം സംരംഭങ്ങളായിരിക്കണം.

Wednesday, 16 May 2012

മലയാള നാടകവേദിയുടെ വികാസപരിണാമങ്ങൾ പി.കെ.വേണുക്കുട്ടൻ നായർ



ആധുനിക മലയാള നാടകവേദിയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച നാടക പ്രതിഭയാണ് ശ്രീ.പി.കെ.വേണുക്കുട്ടൻ നായർ. നടൻ, സംവിധായകൻ, നാടക രചയിതാവ്, വിവർത്തകൻ, അദ്ധ്യാപകൻ, സംഘാടകൻ എന്നിങ്ങനെ നാടകവേദിയുടെ സമസ്തമേഖലകളിലും തന്റേതായ മുദ്രപതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ അനുഭവത്തിൽനിന്നും ആഴത്തിലുള്ള പഠങ്ങളിൽനിന്നും ആർജ്ജിച്ചെടുത്ത വ്യതിരിക്തങ്ങളായ നിരീക്ഷണങ്ങളാണ് തുടർന്നു വരുന്നത്.
നാടകവേദി
  നിങ്ങളെല്ലാവരും നാടകം കണ്ടിരിക്കുമെന്നണ് എന്റെ വിശ്വാസം. എന്നുതന്നെയല്ല നിങ്ങളിൽ ഒട്ടേറെപ്പേർ നാടകം എഴുതാനോ അതിൽ അഭിനയിക്കനോ ഒന്നുമല്ലെങ്കിൽ നാടകങ്ങൾ സംഘടിപ്പിക്കാനോ ഒക്കെ ശ്രമിച്ചിട്ടുമുണ്ടാകും. ആ നിലയ്ക്ക് അരങ്ങ് ( നാടകവേദി ) എന്നാൽ എന്ത് എന്നൊരു ചോദ്യം ഞാൻ നിങ്ങളുടെനേർക്കെറിയുന്നു എന്നു വയ്ക്കുക. പുച്ഛംകൊണ്ട് നിങ്ങൾക്കെന്നെ അഭിഷേചിക്കാൻ തോന്നിയാൽ അത് കുറ്റമല്ല.
ഛായ്..ലജ്ജാവഹം എന്ന് പഴയൊരുനായകന്റെ പോസിൽ പരിഹസിക്കുകപോലുമാകാം. എങ്കിലും ഞാൻ ആ ചോദ്യം ചോദിക്കുവാൻ തന്നെ ആഗ്രഹിക്കുന്നു. എന്താണ് അരങ്ങ് അഥവാ രംഗവേദി ? അതുമല്ലെങ്കിൽ സായിപ്പിന്റെ ഭാഷയിൽ സ്റ്റേജ്? നാടകത്തിനെന്നല്ല എല്ലാ രംഗകലകൾക്കും ഈയൊരുസാധനം വേണമെന്ന് നമുക്കറിയാം. പക്ഷേ അതിന്റെ സ്വഭാവം. അതിന്റെ അവശ്യ ഘടകങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ ? അതാണീചോദ്യത്തിന്റെ ആന്തരാർത്ഥം. ഞാൻ നിങ്ങളോട് പ്രസംഗിക്കുന്നു എന്നു വയ്ക്കുക. ഒരു തട്ടിന്റെ മുകളിൽ നിന്നായിരിക്കും എന്റെ പ്രഭാഷണം. നിങ്ങളാകുന്ന ശ്രോതാക്കൾ ഞാൻ പറയുന്നതും കേട്ട് മുന്നിലിരിക്കുന്നു. ഞാൻ നിൽക്കുന്ന തട്ടിന്റെ ധർമ്മം പ്രാസംഗികനായ എന്നെ ശ്രോതാക്കളായ നിങ്ങളുടെ മുമ്പാകെ എവിടെ നിന്നാലും കാണത്തക്കവിധം ഉയർത്തിക്കാട്ടുകയെന്നതുമാത്രമാണ്. അത്തരമൊരു തട്ടുണ്ടായാൽ അരങ്ങാകുമോ ? അരങ്ങ് എന്നതിന് തട്ടുതന്നെ വേണമോ ? അമ്പലമുറ്റത്തെ മുടിയേറ്റുകാരൻ ഏതു തട്ടിനെയാണ് ആശ്രയി        ക്കുന്നത് ? അപ്പോൾ പണ്ടാരോ പറഞ്ഞതുപോലെ തട്ടുണ്ടായാൽ മാത്രം അരങ്ങാകണമെന്നില്ല. തട്ടില്ലാതെ അരങ്ങുണ്ടാക്കുകയുമാകാം. എങ്ങനെ ? പ്രസംഗം കേൾക്കാൻ ആളില്ലാത്തിടത്ത് ആ തട്ടിന് പ്രസക്തിയുണ്ടോ ? ഇല്ല. അപ്പോൾ കേൾക്കാനായാലും കാണാനായാലും കൂടുന്ന ആളുകൾ ഒരു പ്രധാന ഘടകമാണ്. കളിക്കാനെടുക്കുന്ന സ്ഥലവും അതിനു മുന്നിലോ ചുറ്റുമോ മൂന്നുവശത്തുമോ കൂടുന്ന കുറേ കാഴ്ചക്കാരും തമ്മിലുള്ള പൊരുത്തമാണ് നാടകത്തിലെ അരങ്ങ് എന്നു പറയുന്നത്. ആ പൊരുത്തം പണ്ടെങ്ങോ നാടോടിയായി നാടകം വളർന്നില്ലേ ? ആ കാലം മുതൽ ഇന്നുവരെയുണ്ട്. തെരുവിൽ നാടകം കളിക്കണമെങ്കിൽ നിരത്തിന്റെ പൊരുത്തവും നാടകത്തിന്റെ അവതരണത്തിലെ പ്രധാന ഘടകമായിത്തീരും.
            ലോകത്ത് അതിപുരാതന കാലം മുതൽ ഇന്നോളമുള്ള അരങ്ങിന്റെ നാനാതരത്തിലുള്ള വളർച്ചകളെ ചിത്രങ്ങളോടെ വിവരിക്കുന്ന ഒട്ടനേകം ഗ്രന്ഥങ്ങളുണ്ട്. ഗ്രീക്കുകാരുടെ നാടക സമ്പ്രദായങ്ങളും ഷേക്സ്പിയർ മഹാകവിയുടെ നാടകങ്ങൾ കളിക്കാനുപയോഗിച്ചുപോന്ന രംഗസമ്പ്രദായങ്ങളും പിന്നീടുവന്ന ഒട്ടനേകം വ്യത്യസ്തരീതികളും മനസ്സിലാക്കേണ്ടത് നാടക പ്രവർത്തകരുടെ ധർമ്മമാണ്. 
നാടകം കളിക്കുന്നവർക്കു മാത്രമല്ല, എഴുതുന്നവർക്കും ഈ അറിവുവേണം.
              നമ്മുടെ നാട്ടിലെ രംഗവേദി ഏതുപ്രകാരത്തിലുള്ളതാണ് ?
 നിങ്ങൾ സ്ക്കൂളിലോ വായനശാലയിലോ ഉണ്ടാക്കി വയ്ക്കുന്ന രംഗവേദി മുന്നിൽ ആളുകൾ ഇരുന്ന് ഉയർന്ന ഒരു തട്ടിൽ ഇരുവശവും നിരത്തിയിട്ടുള്ള പാർശ്വ തട്ടികൾക്കിടയിൽ കാണുന്ന ഏറെക്കുറെ ചതുർമാനമായ സ്ഥലമാണത്. ഇല്ലേ ? അവിടെയാണ് സംഭവങ്ങൾ നടക്കുന്നത്. കഥാപാത്രങ്ങൾ വരുകയും മറയുകയും ചെയ്യുന്നത്. നാടകം ഇതൾവിരിയുകയും കൊഴിയുകയും ചെയ്യുന്നത്. ഈയൊരു സമ്പ്രദായം നമ്മുടെ നാട്ടിലെ സമ്പ്രദായമായിരുന്നില്ലെന്ന് ആദ്യം തന്നെ ഓർക്കണം. നമ്മുടെ തനതു സമ്പ്രദായം നടുക്ക് നാടകം കളിക്കുകയും ചുറ്റും ആളിരുന്നുകാണുകയും ചെയ്യുന്ന ഒരു പഴയ ഏർപ്പാടായിരുന്നില്ലേ ? നമ്മുടെ ഒട്ടേറെ കളികൾ ആ വിഭാഗത്തിൽപ്പെടുന്നവയല്ലേ ?  ഇത് പടിഞ്ഞാറൻ നാട്ടിൽനിന്നും കടൽ കടന്ന് ബോംബെയിൽ വന്ന് അവിടെനിന്നും തമിഴുനാട് വഴി സഞ്ചരിച്ച് ഇവിടെ എത്തിച്ചേർന്ന ഒരു ഏർപ്പാടാണ്. ഏതായാലും കഴിഞ്ഞ മുപ്പതോ നാൽപ്പതോ വർഷങ്ങളായി ഈ അരങ്ങും അതിന്റെ സമ്പ്രദായങ്ങളും തന്നെയാണ് നമ്മെ ഭരിക്കുന്നത്.
                ഈ രീതികളിൽ നിന്നും അരങ്ങൊരുക്കലിന് ഒരുക്കലിനുമാത്രം എന്നുവച്ചാൽ അരങ്ങിന്റെ അടിസ്ഥാനശില്പത്തിനല്ലെന്നർഥം. മാറ്റം വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം.  നാടകം കൂടുതൽ ഭാവനയിൽ അധിഷ്ഠിതമായിക്കൊണ്ടിരിക്കുമ്പോൾ തഥ്യയും മിഥ്യയും ഇടകലർന്നതും മറ്റുമൊക്കെയാകുമ്പോൾ അവയ്ക്കെല്ലാം ഇന്നത്തെ വിധത്തിലുള്ള അരങ്ങൊരുക്കലിന്റെ ഭാഷ അല്പാല്പം നമ്മുടെ നാടകവേദിയിലും പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്.  അതിനപ്പുറമുള്ള   മൗലികമായ മാറ്റത്തിന് നമ്മുടെ നിലവിലുള്ള തിയേറ്ററുകൾ മുഴുവൻ തല്ലിപ്പൊളിച്ചുകളയുകയും തുറന്ന മൈതാനങ്ങളിലേയ്ക്ക് നാടകക്കാരനെ ആട്ടിപ്പായിക്കേണ്ടിയും വരുമെന്നാണ് തോന്നുന്നത്.  അക്ഷരാർത്ഥത്തിലല്ലെങ്കിലും അപ്രകാരം എന്തെങ്കിലുമൊന്നു നടക്കുമ്പോൾ മാത്രമേ ഒരു മാറ്റം സംഭവിക്കൂ.
             പ്രാസംഗികൻ നിൽക്കുന്ന തട്ട് ഒരു വെറും തട്ടുമാത്രമാണ്. ജഡവസ്തു. നാടകക്കാരൻ ഒരുക്കുന്ന തട്ട് ജീവനും ചലനവും വികാരവും എല്ലാമുള്ള ജൈവവസ്തുവാണ്.  അതുകൊണ്ടുതന്നെ അതിന് കാലനിയമമനുസരിച്ചുള്ള വളർച്ചവന്നേ തീരൂ. അതുതന്നെയാണ് നിങ്ങൾ എപ്പോഴും ഓർക്കേണ്ടതും.