Sunday, 30 December 2012

പി.കെ.വേണുക്കുട്ടൻ നായർ - നീതി നിഷേധിക്കപ്പെട്ട ദുരന്ത നായകൻ



            കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ഉത്തരം കിട്ടാത്ത പ്രഹേളികയായി മാറിയിരിക്കുന്നു നീതി എന്ന വാക്ക്. നിയമപാലകരാണ് നീതി നടപ്പിലാക്കേണ്ടത് എന്ന് അല്പബുദ്ധിയായ ഞാൻ തെറ്റിദ്ധരിക്കുകയും ചെയ്തിരുന്നു.  അനുഭവത്തിൽ അത് ശരിയല്ല എന്നു വ്യക്തമായി.
             നട്ടെല്ലുവളയ്ക്കാത്ത പ്രകൃതവും മനസ്സാക്ഷിക്ക് ശരിയല്ല എന്ന് തോന്നുന്ന കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന പ്രകൃതവും അധാർമ്മിക പ്രവൃത്തികളെ എതിർക്കുന്ന ശീലവും നീതിക്ക് നിരക്കാത്തതാണോ ?
              എന്നെ സംബന്ധിച്ച് മേല്പറഞ്ഞവ മൂന്നും ഒരു വ്യക്തിയുടെ നല്ലഗുണങ്ങളാണ്. ഈ ഗുണങ്ങളെല്ലാമുള്ള വ്യക്തിയായിരുന്നു കേരളത്തിന്റെ നാടകാചാര്യൻ.  സംഘാടകൻ, നടൻ, സംവിധായകൻ, രചയിതാവ്, അദ്ധ്യാപകൻ തുടങ്ങി നാടകത്തിന്റെ സകല മേഖലകളിലും തന്റേതായ സംഭാവനകൾ മലയാള നാടകവേദിക്ക് നൽകിയ നാടക മർമ്മജ്ജൻ.  ഓരോ ശ്വാസത്തിലും നാടകം എന്ന മന്ത്രം മാത്രം മുഴക്കിയിരുന്ന നാടക ഭ്രാന്തൻ - അതെ.  ഇതൊക്കെ ആയിരുന്നു ശ്രീ. പി.കെ.വേണുക്കുട്ടൻ നായർ.  ശ്രീ.ചിത്തിരതിരുനാൾ വായനശാലയ്ക്കുവേണ്ടി ആദ്യമായി സ്വതന്ത്ര മലയാള നാടകം ( അബദ്ധപ്പഞ്ചാംഗം, കുറുപ്പിന്റെ തിരുപ്പ് ) എഴുതിയ ശ്രീ.പി.കെ.കൃഷ്ണപിള്ളയുടേയും പി.കെ.വിക്രമൻ നായരെ ഗർഭത്തിൽ പേറി ശാകുന്തളം നാടകത്തിലെ ശകുന്തളയെ ഗൃഹസദസ്സിൽ അവതരിപ്പിച്ച ശ്രീമതി. കാർത്ത്യായനി അമ്മയുടേയും മകൻ. ഉറങ്ങാതിരുന്ന് നാടകം കാണാനായി ചോക്ലേറ്റുപെട്ടി വാങ്ങിക്കൊടുത്ത് നാടകാവതരണം കാണിച്ചുകൊടുത്ത് വളർത്തിയ അച്ഛന്റെ അരുമ. ജ്യേഷ്ഠൻ പി.കെ.വിക്രമൻ നായരുടേയും അമ്മാവൻ കെ.വി.നീലകണ്ഠൻ നായരുടേയും ശിക്ഷണത്തിൽ വളർന്ന കുട്ടി.  പത്താം വയസ്സിൽ സമപ്രായക്കാരെകൂട്ടി ഡ്രമാറ്റിക് ബ്യൂറോ എന്ന സംഘടന രൂപീകരിച്ച് സ്വതന്ത്രമായി നാടകപ്രവർത്തനം ആരംഭിച്ച പ്രതിഭ.
          എപ്പോഴാണ് ദുരന്ത നായകന്റെ ലക്ഷണങ്ങൾ അദ്ദേഹത്തിൽ കണ്ടുതുടങ്ങിയത് ? തന്റെ പതിന്നാലാമത്തെ വയസ്സിൽ പിതാവ് വിടപറഞ്ഞപ്പോഴോ?  ലിറ്ററേച്ചറിൽ തല്പരനായിരുന്ന അദ്ദേഹത്തെ ആഭിജാത്യത്തിന് കോട്ടം വരാതിരിക്കാൻ ബന്ധുക്കൾ നിർബ്ബന്ധിച്ച് എഞ്ചിനീയറങ്ങിന് എൻട്രൻസ് എഴുതിപ്പിച്ചപ്പോഴോ? പാൽക്കുളങ്ങരയിൽ ജനിച്ച് ജീവിച്ചിട്ടും മെലിഞ്ഞുപോയതെന്ത് എന്ന എഞ്ചിനീയറിംങ് കോളേജിലെ പട്ടരുസാറിന്റെ ചോദ്യത്തിന്  പാൽക്കുളങ്ങരയിലെ പാലെല്ലാം പരദേശിപ്പട്ടന്മാർ കുടിച്ചുതീർക്കുന്നതിനാൽ അവിടത്തുകാർക്ക് പാൽ കിട്ടാറില്ല അതുകൊണ്ടാണ് മെലിഞ്ഞുപോയത് എന്ന അദ്ദേഹത്തിന്റെ മറുപടിയാണോ വിനയായത് ? അതോ പ്രിൻസിപ്പലിന്റെ കൊള്ളരുതായ്മകളെ ഓട്ടൻ തുള്ളലായി അവതരിപ്പിച്ചതോ? പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയിട്ടും സെഷണൽമാർക്ക് നൽകാതെ തോറ്റതായി കണക്കാക്കി അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച കോളേജധികാരികൾക്ക് അതുകൊണ്ട് എന്തുനേട്ടമാണുണ്ടായത് ? ഒരു സർട്ടിഫിക്കറ്റിന്റേയും പിൻബലമില്ലാതെ അദ്ദേഹം എത്രയോ വിദ്യാർഥികളെ പഠപ്പിച്ച് എഞ്ചിനീയർമാരാക്കി !
             പിന്നെ ആ ലക്ഷണം എപ്പോഴാണ് അദ്ദേഹത്തിൽ ചേക്കേറിയത് ? തന്റെ മുപ്പത്തിയൊന്നാം വയസ്സിൽ നാല്പത്തിയേഴ് വയസ്സുള്ള ജ്യേഷ്ഠൻ പി.കെ.വിക്രമൻ നായർ കലാകേരളത്തെ ദു:ഖത്തിലാഴ്ത്തി മണ്മറഞ്ഞപ്പോഴോ ? അതോ പ്രണയിനിയെ മറ്റൊരുവിവാഹത്തിന് പ്രേരിപ്പിച്ച് ജ്യേഷ്ഠന്റെ ഒൻപതുമക്കളുടേയും സംരക്ഷണം ഏറ്റെടുത്തപ്പോഴോ ? ലക്ഷ്മണന് ശ്രീരാമനോടെന്നപോലെ ആയിരുന്നല്ലോ വേണുക്കുട്ടൻ നായർക്ക് വിക്രമൻ നായരോടുണ്ടായിരുന്ന സ്നേഹാദരങ്ങൾ.  ഊർമ്മിളയെ അമ്മമാരുടെ പരിചരണത്തിനു നിയോഗിച്ച് സീതാരാമന്മാരോടൊപ്പം ലക്ഷ്മണൻ വനവാസത്തിനു തയ്യാറായി നീണ്ട പതിന്നാലു വർഷം സീതാരാമന്മാരെ സേവിച്ചു. പ്രണയിനിയെ കുടുംബജീവിതത്തിലേയ്ക്ക് പറഞ്ഞയച്ച വേണുക്കുട്ടൻ നായർ യുവത്വത്തിന്റെ പതിന്നാലുവർഷം ജ്യേഷ്ഠന്റെ മക്കൾക്കുവേണ്ടി ഹോമിച്ചു.  അതിന്റെ ഫലമായി ജ്യേഷ്ഠന്റെ നാലുപെണ്മക്കൾ സുമംഗലികളായി.    ആണ്മക്കൾ ഉദ്യോഗസ്ഥരുമായി. ഒടുവിൽ ഏക അത്താണിയായിരുന്ന പെറ്റമ്മയുടെ മരണത്തോടെ ഓടയിൽനിന്ന് എന്ന നോവലിലെ റിക്ഷാക്കാരനെപ്പോലെ ഒറ്റപ്പെട്ട വേണുക്കുട്ടൻ നായർ ഷേവിംങ്സെറ്റും ടൂത്ത്ബ്രഷും ഒരു ജോഡി ഡ്രസ്സും ഒരു തുണിയിൽ പൊതിഞ്ഞുകെട്ടി ബാല്യ കൗമാര യൗവ്വനങ്ങൾ കഴിച്ചുകൂട്ടിയ ആഫീസുവീട്ടിൽനിന്നും ഇറങ്ങി ലക്ഷ്യമില്ലാതെ നടന്നു. ചെന്നു കയറിയത് തിരുവനന്തപുരത്തെ നളന്ത ടൂറിസ്റ്റ് ഹോമിൽ. സുഹൃത്തായിരുന്ന സിനിമാനടി ശാരദ കാര്യം തിരക്കിയപ്പോൾ പൊട്ടിക്കരഞ്ഞുപോയത്രേ അദ്ദേഹം.
                    നാടകപ്രവർത്തനങ്ങളിൽ ആശ്വാസംകണ്ട അദ്ദേഹം  നളന്ദയിലും സത്രത്തിലും രാജധാനിയിലും മാറിമാറി താമസിച്ചു. തൃശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിൽ ക്ലാസ്സുള്ളപ്പോൾ പ്രിമിയർ ലോഡ്ജിലും പ്രൊഫസർ ജി. ശങ്കരപ്പിള്ളയുടെ വീട്ടിലും താമസിച്ചു. ഒരമ്മപെറ്റമക്കളെപ്പോലെ അവർ ( ജി. ശങ്കരപ്പിള്ളയും പി.കെ.വേണുക്കുട്ടൻ നായരും ) ജീവിക്കുന്നത് ദൈവത്തിനും ഇഷ്ടപ്പെട്ടില്ല. അതല്ലേ ശങ്കരപ്പിള്ള സാറിനെതിരെ വിദ്യാർഥികൾ സമരം ചെയ്തപ്പോൾ വേണുക്കുട്ടൻ നായരാണ് അതിനുപിന്നിലെന്ന കിംവദന്തിവിശ്വസിച്ച് ശങ്കരപ്പിള്ള സാർ അദ്ദേഹത്തോട് പിണങ്ങിയത് ? ആ പിണക്കം അദ്ദേഹത്തിന് താങ്ങാനായില്ല. ശങ്കരപ്പിള്ള സാറിനും അങ്ങനെതന്നെ ആയിരുന്നിരിക്കാം. അതല്ലേ മാസങ്ങൾ കഴിഞ്ഞപ്പോൾ ശങ്കരപ്പിള്ളസാർ ഞങ്ങളുടെ വീട്ടിലെത്തി മനസ്സുതുറന്നത് ? അതുകൊണ്ടല്ലേ യഥാർത്ഥവില്ലന്മാർ ആരൊക്കെയെന്ന് അവർക്ക് മനസ്സിലാക്കാനായത് ?
                 ഒറ്റയാനായ അദ്ദേഹത്തെ പരിചയപ്പെടാൻ വേണ്ടിയായിരുന്നോ ഞാൻ എം.പി.യിലെ വിദ്യാർത്ഥിയായി എത്തിയത് ? എന്റെ ഗ്രാമത്തിലെ എളിയ നാടകപ്രവർത്തനങ്ങൾക്ക് സഹായം തേടിയെത്തിയത് അതുകൊണ്ടായിരുന്നല്ലൊ.  ലോകനാടക വേദിയെക്കുറിച്ചും ഇന്ത്യൻ നാടകവേദിയെക്കുറിച്ചും മലയാള നാടകവേദിയെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനായതുകൊണ്ടല്ലേ എഴുതാൻ ഞാൻ ആവശ്യപ്പെട്ടത് ? എഴുതാൻ മടിയനാണെന്നു മനസ്സിലാക്കിയതുകൊണ്ടല്ലേ ഞാൻ പകർതിയെഴുത്തുകാരിയായി അദ്ദേഹത്തെ വിടാതെ പിന്തുടർന്നത് ? അന്ന് അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തെക്കുറിച്ചും അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ചും വിവരിക്കാൻ ശ്രീ. ഏഴാച്ചേരി രാമചന്ദ്രന്റെ വരികൾ കടമെടുക്കട്ടെ. തിരുവനന്തപുരത്തെ കിഴക്കേകോട്ടയിൽ ട്രാൻസ്പോർട്ട് ബസ്സുകളുടെ വണ്ടിപ്പേട്ടയിൽ നിന്നും ഏറെ ദൂരെയല്ലാതെ പ്രസിദ്ധമായ എം.പി.ട്യൂട്ടോറിയൽസ് എന്ന സാങ്കേതിക സ്ഥാപനത്തോടു ചേർന്നുള്ള ഒരു കുടുസ്സുമുറിചുറ്റും നോക്കിയാൽ പ്രഥമദൃഷ്ട്യാതന്നെ ഒരുകാര്യം മനസ്സിലാകും അത് പൊറ്റെക്കാട് പറഞ്ഞ മട്ടിൽ ഒരു അവിവാഹിതന്റെ മടയാണ്. അത്യാവശ്യം ഗൃഹോപകരണങ്ങൾനാടകത്തെ സംബന്ധിച്ച ഒട്ടനവധി താത്ത്വിക ഗ്രന്ധങ്ങൾ സാങ്കേതിക ശാസ്ത്രഗ്രന്ഥങ്ങൾക്കൊപ്പം ചിതറിയും അല്ലാതെയും..ഇഷ്ടപ്പെട്ട കളിക്കോപ്പുകൾക്കിടയിൽ വിഹരിക്കുന്ന ഒരു ശിശുവിന്റെ നിഷ്കളങ്കതയോടെ വെടിലക്കറയും ബീഡിപ്പുകയുമേറ്റ് നിറംകെട്ട പരിമിത ദന്തനിരകൾ.  അദ്ദേഹത്തിന്റെ നാടകപ്രവർത്തനങ്ങളിൽ പകർത്തിയെഴുത്തുകാരിയായിട്ടെങ്കിലും പങ്കുചേരാനായതിൽ ഞാൻ അഭിമാനിച്ചു.  പലരുടേയും നാടക സ്ക്രിപ്റ്റുകളെ രംഗപാഠമാക്കുന്നതിൽ ഭാഗഭാക്കായ ഞാൻ ആ രംഗപാഠങ്ങളെ സ്വന്തം സൃഷ്ടിയെന്ന മട്ടിൽ നാടകസ്ക്രിപ്റ്റ് എഴുതിയവർ അച്ചടിക്കുന്നതുകണ്ട് കലഹിച്ചപ്പോഴൊക്കെ മലയാള നാടകവേദിക്ക് ശക്തമായ നാടകകൃതിയുണ്ടാകട്ടെ; ആരുടെപേരിൽ വന്നാലെന്താ ? അതു കളയൂ. നമുക്ക് അടുത്തവർക്കിലേയ്ക്കുപോകാം എന്നുപറഞ്ഞിരുന്ന അദ്ദേഹത്തെ എങ്ങനെ ആദരിക്കാതിരിക്കും ? ഞങ്ങളുടെ കൂടിക്കാഴ്ചകൾ ആരുടെയൊക്കെയോ ഉറക്കം കെടുത്തി. നാടക തർജ്ജിമകളുടേയും ലേഖനങ്ങളുടേയും രംഗപാഠങ്ങളുടേയും എണ്ണം കൂടുന്നതോടെ അപവാദത്തൊഴിലാളികളുടെ ഭാവനാസൃഷ്ടികളുടെ എണ്ണവും പെരുകി. നിയന്ത്രണങ്ങൾ സഹിക്കാനാകാതെ ഞാൻ വീടുവിട്ടിറങ്ങി. അദ്ദേഹത്തോടൊപ്പം താമസിക്കാനെത്തിയ എന്നെ നിരുൽസാഹപ്പെടുത്തി ബന്ധുക്കളോടൊപ്പം അയയ്ക്കാൻ ശ്രമിച്ചത് എന്തിനായിരുന്നു? ഉദ്യോഗവും എഴുത്തുജോലിയും ഒന്നിച്ചുകൊണ്ടുപോകാനാകാതെവന്ന ഞാൻ ഉദ്യോഗം ഉപേക്ഷിച്ചു. അത് ബുദ്ധിയാണോ എന്നേ അദ്ദേഹം ചോദിച്ചുള്ളു. ഞാൻ അദ്ദേഹത്തിന്റെ ആരായിരുന്നു? ഭാര്യയോ?  കാമുകിയോ? മകളോ? സുഹൃത്തോ? ഇരുപത്തിയഞ്ച് വർഷത്തെ കുടുംബജീവിതത്തിനിടെ മലയാള നാടക വേദിക്ക് വളരെയേറെ സംഭാവനകൾ നൽകാനായി. ഇതിലും എത്രയോകൂടുതൽ സംഭാവനകളുണ്ടായേനെ അദ്ദേഹത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിൽ!
             പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ പി.കെ.വേണുക്കുട്ടൻ നായരെ നിയമപാലകരുടെ വേഷം കെട്ടിയവർ സ്പിരിറ്റുകടത്തുകാരുമായി ചേർന്ന് ചെളിക്കുണ്ടിലേയ്ക്ക് വലിച്ചെറിഞ്ഞുസമൂഹം അദ്ദേഹത്തെ ക്രൂരമായി ഒറ്റപ്പെടുത്തിതന്റെ നിരപരാധിത്വം തെളിയിക്കാൻ ഇടത് വലത് ഭേദമില്ലാതെ എല്ലാവരോടും അദ്ദേഹം സഹായം അഭ്യർത്ഥിച്ചു.  സ്പിരിറ്റുരാജാക്കന്മാരെ ഭയന്നുജീവിക്കുന്ന അധികാരവർഗ്ഗം അദ്ദേഹത്തിന്റെ അപേക്ഷയെ കണ്ടില്ലെന്ന് നടിച്ചു. അവസാന അത്താണിയായി കരുതിയിരുന്ന കോടതിയും ചതിച്ചു. തെളിവുകളെല്ലാം അദ്ദേഹത്തിന് അനുകൂലമായിരുന്നിട്ടും സംശയത്തിന്റെ പേരിലെന്ന മുടന്തൻ ന്യായം പറഞ്ഞ് വനിതാജഡ്ജ് എം.ആർ.അനിത ( ഇപ്പോൾ അവരെ ഡീബാർ ചെയ്തിരിക്കുന്നുവത്രേ. ) രണ്ടുവർഷത്തെ വെറും തടവിന് ശിക്ഷിച്ചു. അതിനെതിരെ ഹൈക്കോടതിയിൽ അപ്പീലുകൊടുത്ത് കാത്തിരുന്ന അദ്ദേഹത്തെ രോഗങ്ങൾ കാർന്ന് തിന്നാൻ തുടങ്ങി. കേരളത്തിലെ പ്രബുധരായ സാംസ്കാരിക പ്രവർത്തകർപോലും അകന്നപ്പോൾ ആ മനസ്സ് വേദനിച്ചു.  സമൂഹത്തിനോട് വെറുപ്പും ദേഷ്യവുമായി. മനുഷ്യരോടുള്ള വിശ്വാസം നഷ്ടമായി.
            സോണിയാഗാന്ധിയെക്കുറിച്ച് എഴുതിത്തുടങ്ങിയ നാടകരചന നിറുത്തി..സി.ജെ.തോമസ്സിനെക്കുറിച്ച് എഴുതിക്കൊണ്ടിരുന്നത് നിറുത്തി. നാടകം അരങ്ങും കൃതിയും, മലയാള നാടക ചരിത്രം, അഭിനയം, സംവിധാനം എന്നിവയെക്കുറിച്ച് എഴുതിക്കൊണ്ടിരുന്നതും നിറുത്തി. നാടകരചനയെക്കുറിച്ച് എഴുതിയതിന്റെ മിനുക്കുപണികൾ വേണ്ടെന്നുവച്ചു. നിരപരാധിത്വം തെളിയിക്കണമെന്ന വാശിയും പതിനഞ്ച് വർഷം മുൻപേ രംഗപാഠം തയ്യാറാക്കി മൂകാംബിക ക്ഷേത്രത്തിൽനിന്നും പൂജിച്ചുവാങ്ങിയ ആന്റണിയും ക്ലിയോപാട്രയും എന്ന നാടകം സംവിധാനം ചെയ്ത് അവതരിപ്പിക്കണമെന്ന ആഗ്രഹവുമാണ് കഴിഞ്ഞ പത്തുവർഷം അദ്ദേഹത്തെ ജീവിപ്പിച്ചത്.  കാത്തിരിപ്പ് വ്യർത്ഥമാണെന്ന് ബോദ്ധ്യമായതോടെ രോഗാവസ്ഥ കൂടി.യാത്രയും പറഞ്ഞു.
               ശ്രീ.സൂര്യാകൃഷ്ണമൂർത്തിയുടെ സഹായ ഹസ്തങ്ങൾ ഇല്ലായിരുന്നെങ്കിൽ രണ്ടുവർഷം മുൻപുതന്നെ അദ്ദേഹം അന്തരിച്ചേനെ. അന്ന് കൃഷ്ണമൂർത്തിസാറിന്റെ ഇടപെടൽ കാരണം സർക്കാരിൽനിന്നും വ്യക്തികളിൽനിന്നുമായി രണ്ടുലക്ഷത്തോളം രൂപ ലഭിച്ചു. ശ്രീ.പി.കെ.വേണുക്കുട്ടൻ നായരുടെ എൺപതാം പിറന്നാൾ കൃഷ്ണമൂർത്തിസാറിന്റെ നേതൃത്വത്തിൽ ആർഭാടമായി നടത്തി. പിറന്നാളുകാരൻ രചിച്ച ആന്റിഗണി നാടകത്തിന്റെ അവതരണവും ആ നാടകത്തിന്റെയും മലയാളനാടകത്തിന്റെ വികാസപരിണാമങ്ങൾ എന്ന പുസ്തകത്തിന്റെയും പ്രകാശനവും നടത്തി. 2011ലെ സൂര്യാ ഫെസ്റ്റിവലിൽ ഗുരുപൂജ നൽകി അദ്ദേഹത്തെ ആദരിച്ചു.  ഒന്നേമുക്കാൽ ലക്ഷം രൂപ സൂര്യ അദ്ദേഹത്തിന്റെപേരിൽ സ്ഥിരനിക്ഷേപമിട്ടു. ചലച്ചിത്ര അക്കാഡമിയിൽനിന്നും മാസം ആയിരം രൂപ പെൻഷനും അദ്ദേഹത്തിന് ലഭിച്ചുതുടങ്ങി.
                 2012 ജനുവരിമുതൽ ഉണ്ടായിരുന്ന അസുഖങ്ങളുടെ തീവ്രത കൂടിയെന്നുമാത്രമല്ല കടുത്ത ഹീമോഫീലിയയും വിരുന്നെത്തി കുടിപാർക്കാൻ തുടങ്ങി.  2009 ൽ തലച്ചോറിൽ രക്തം കട്ടപിടിച്ച് ഓർമ്മശക്തിയെ തടഞ്ഞെങ്കിൽ 2012 ൽ ശ്വാസകോശത്തെ ദ്രവിപ്പിച്ച് ജീവിതം ദുസ്സഹമാക്കുകയായിരുന്നു.  തന്റെ ആയുസ്സിന്റെ നീളം കുറഞ്ഞ്കുറഞ്ഞുവരികയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എത്രയുംവേഗം നിരപരാധിത്വം തെളിയിക്കാനായെങ്കിൽ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. 2012 ജൂൺ ഏഴാംതീയതിക്കും നവംബർ ഇരുപത്തിയാറിന് അദ്ദേഹം അന്ത്യയാത്രയായതിനിടയ്ക്കും വീട്ടിൽ കഴിച്ചുകൂട്ടിയത് കഷ്ടിച്ച് ഒരാഴ്ച.  ആശുപത്രിവാസത്തിനിടെയും നിരപരാധിത്വം എത്രയുംവേഗം തെളിയിക്കാൻ സഹായിക്കണമെന്ന് ബന്ധപ്പെട്ട മന്ത്രിമാരോടൊക്കെ അപേക്ഷിച്ചു. 25000 രൂപ നൽകി; ചികിൽസാചെലവുകൾ മുഴുവൻ സർക്കാർ നടത്തുമെന്ന മന്ത്രിയുടെ പ്രസ്താവന വ്യർത്ഥമായപ്പോൾ സർക്കാരിന്റെ ശ്രദ്ധക്ഷണിക്കാൻ ഞാൻ പത്രത്തിലൂടെ അവശത അറിയിച്ചുകൊണ്ടേയിരുന്നു.  സിനിമാകലാകാരന്മാർക്ക് ലക്ഷങ്ങൾ ചെലവാക്കുന്ന സർക്കാർ ഒരു പാവം നാടകാചാര്യനു നൽകിയത് 25000 രൂപ. സിനിമാ കലാകാരനെ സന്ദർശിക്കാൻ മന്ത്രിമാർ മൽസരിക്കുമ്പോൾ നാടകാചാര്യനെ ആശുപത്രിയിൽ വന്നുകണ്ടത് സാംസ്കാരിക മന്ത്രിമാത്രം. അദ്ദേഹത്തിന്റെ കോടികൾ വിലമതിക്കുന്ന സ്വത്ത് കൈവശപ്പെടുത്തിയരോ പതിന്നാലുവർഷം ചോരനീരാക്കി വളർത്തിയ ജ്യേഷ്ഠന്റെ മക്കളോ ആരും തിരിഞ്ഞുനോക്കിയില്ല. ആയുർവേദകോളേജിൽ മുപ്പത്തിയൊന്നായിര ത്തോളം രൂപ അടയ്ക്കേണ്ടതുമുണ്ട്. ഒടുവിൽ സ്വകാര്യാശുപത്രിയിലെ ബില്ലടയ്ക്കാൻ സന്മനസ്സുള്ളവരുടെ സഹായം തേടേണ്ടിവന്നു എനിക്ക്.
                 ദുരന്ത നാടകത്തിലെ നായകന് ട്രാജിക്ഫ്ലാ ഉണ്ടായിരിക്കുമെന്ന് ശ്രീ.പി.കെ.വേണുക്കുട്ടൻ നായർ എന്നെ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ താനൊരു ദുരന്തനായകനാണെന്നു സമ്മതിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.  അദ്ദേഹം പഠിപ്പിച്ച പാഠങ്ങളുടെ പിൻബലത്തോടെ അദ്ദേഹത്തെ വിശകലനം ചെയ്യാൻ ശ്രമിച്ച ഞാൻ കണ്ടെത്തിയത് ഇതാണ് . ദുരന്തനായകൻ തന്നെയായിരുന്നു ശ്രീ. പി.കെ. വേണുക്കുട്ടൻ നായർ - നട്ടെല്ലുവളയ്ക്കാത്ത പ്രകൃതം, അനീതിക്കും അധർമ്മത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം, എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതം, സർവ്വോപരി യഥാർത്ഥ സോഷ്യലിസ്റ്റുചിന്ത ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ദുരന്തകാരണങ്ങൾ.
                       ഭൗതികനേട്ടങ്ങളുടെ കാര്യത്തിൽ നിർദ്ധനനായിരുന്നെങ്കിലും വിജ്ഞാനത്തിന്റെ കാര്യത്തിലും സംസ്കാരത്തിന്റെ കാര്യത്തിലും സമ്പന്നനായിരുന്നു ശ്രീ.പി.കെ.വേണുക്കുട്ടൻ നായർ. 1962 നവമ്പർ 3 ന് വിടപറഞ്ഞ പ്രിയ ജ്യേഷ്ഠന്റെ  പിന്നാലെ 2000 ഒക്ടോബർ 15ന് കൊച്ചേട്ടനും പോയി.  2012 നവമ്പർ 26 ന് അവരോടൊപ്പം ചേരാൻ ചമയങ്ങളെല്ലാം ഉപേക്ഷിച്ച് പി.കെ.വേണുക്കുട്ടൻ നായർ യാത്രയായി -  ആരോപിക്കപ്പെട്ട കളങ്കവും പേറിക്കൊണ്ടുള്ള യാത്ര,  ദുരിതപൂർണ്ണമായ ഒരു വാർദ്ധക്യകാലം അദ്ദേഹത്തിൽ അടിച്ചേൽപ്പിച്ച കേരളസർക്കാർ ഔദ്യോഗിക ബഹുമതികളോടെയുള്ള ശവസംസ്കാരത്തിനുപോലും തയ്യാറായില്ല. അതോർത്ത് നാളെ കേരളം ലജ്ജിക്കട്ടെ.
     

Tuesday, 28 August 2012

സഖവ്.വി.എസ്സ്.പ്രതികരിക്കാത്തതെന്ത് ?

ഐസ്ക്രീം കേസിൽ ശ്രീ.കുഞ്ഞാലിക്കുട്ടിയെ പ്രതിചേർക്കാൻ ആവനാഴിയിലെ അമ്പുകളും  അധ്വാനിക്കുന്ന വർഗ്ഗത്തിന്റെ ക്ഷേമത്തിനായി നിലകൊള്ളുന്ന പാർട്ടിയുടെ ഫണ്ടിൽനിന്ന് ലക്ഷങ്ങളും ചെലവഴിച്ച സഖാവ് . വി.എസ്സ്. സത്യസന്ധമായ അന്വേഷണം നടത്താൻ പരിശ്രമിക്കണമെന്ന വേണുക്കുട്ടൻ നായരുടെ കത്തിനെ അവഗണിച്ചതെന്ത് ?

 From
P.K.Venukuttan Nair
Suvarnarekha
Kalady, Karamana.P.O
Thiruvananthapuram.

To
Com. V.S.Achuthananthan
A.K.G.Centre,
Thiruvananthapuram.
                                                  തിരുവനന്തപുരം
                                                   30/07/2003
ബഹുമാനപ്പെട്ട സഖാവ്  വി.എസ്സിന്,
                 എനിക്ക് ഈയിടെയുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് ഇതിനകം അറിഞ്ഞിരിക്കുമല്ലോ.  ഭരണതലത്തിൽ ശക്തമായ സ്വാധീനമുള്ള സ്പിരിറ്റുകടത്തു സംഘമാണ് എന്നെ അപകീർത്തിപ്പെടുത്തി നശിപ്പിക്കാൻ ശ്രമിച്ചത്.  വനിതാകമ്മിഷനെ സത്യാവസ്ഥ അറിയിച്ചിട്ടും സ്പിരിറ്റുകടത്തുസംഘത്തെ രക്ഷിക്കാനാണ് അവർ ശ്രമിച്ചത്.  കമലം പോലീസിൽ സമ്മർദ്ദം ചെലുത്തി എന്റെ പേരിൽ കള്ളക്കേസ് ചുമത്തി ജാമ്യമില്ലാവകുപ്പു കണ്ടെത്തി പത്രമാദ്ധ്യമങ്ങളിൽക്കൂടെ എന്നെ അങ്ങേയറ്റം താറടിച്ചുകാട്ടി.  കള്ളക്കേസ് നിലനിൽക്കുകയില്ലെന്ന് മനസ്സിലാക്കിയപ്പോൾ ഒരു നാടകനടി ( ഗംഗാ ബോസ്സ് ) യെക്കൊണ്ട് മറ്റൊരു വൃത്തികെട്ട ആരോപണം വരുത്തിച്ചു.സ്വന്തം നിലനിൽപ്പ് അപകടത്തിലാവുന്ന തരത്തിലുള്ളതായിരുന്നു  ആ ആരോപണം എന്നു മനസ്സിലാക്കിയ നടി ആരോ എന്തോഒക്കെ ചോദിച്ചു. ഞാൻ എന്തോ ഒക്കെ പറഞ്ഞു. എന്നെ അദ്ദേഹം പീഡിപ്പിച്ചിട്ടില്ല എന്ന് പറഞ്ഞ് പിന്മാറി. വനിതാകമ്മിഷനിൽ അവൾ പരാതി കൊടിത്തിട്ടില്ലെന്ന് പ്രഖ്യാപിച്ചു കണ്ടു. പക്ഷേ കമലം പ്രസ്താവിച്ചിരുന്നത് ഗംഗാബോസിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഗൗരവമായി നടപടി സ്വീകരിക്കുമെന്നുമായിരുന്നു.
       അയിലം ഉണ്ണിക്കൃഷ്ണന്റെ ട്രൂപ്പിൽ പ്രവർത്തിച്ചിരുന്നപ്പോൾ വേണുക്കുട്ടൻ നായർ സ്വന്തം വീട്ടിൽ വരുത്തി പീഡിപ്പിച്ചെന്നും അയിലം ഉണ്ണിക്കൃഷ്ണൻ ഗംഗാബോസിന്റെ കാലുപിടിച്ച് അപേക്ഷിച്ചതുകൊണ്ട് അവൾ ട്രൂപ്പ് വിട്ടില്ല എന്നുമായിരുന്നു ആരോപണം.  അത് വാസ്തവവിരുദ്ധമാണെന്ന് അയിലം പത്രപ്രസ്ഥാവന നൽകി. പക്ഷേ ആ പരാതിയിന്മേൽ നടപടിയെടുക്കുമെന്നു പ്രഖ്യാപിച്ച കമലത്തിന്റെ പ്രതികരണമുണ്ടായില്ല. 
       മാസം പത്തുകഴിഞ്ഞു.  തുടരന്വേഷണം നടത്താതെ എന്റെ നിരപരാധിത്വം ലോകരെ അറിയിക്കാനാവില്ല.  അന്വേഷണം ഊർജ്ജിതമാക്കണം എന്ന് അപേക്ഷിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി.  അതിന്റെ കോപ്പി താങ്കൾക്കും അയച്ചിരുന്നു. പക്ഷേ ആരിൽനിന്നും അത് കൈപ്പറ്റിയതായുള്ള അറിയിപ്പ് ലഭിച്ചില്ല.  തുമ്പില്ലാതെപോകുമായിരുന്ന പല കേസുകളും താങ്കളുടെ അവസരോചിതമായ ഇടപെടലുകൾകൊണ്ട് തെളിഞ്ഞിട്ടുണ്ട്.  അതുപോലെ എനിക്കെതിരെ ഉണ്ടായിട്ടുള്ള   ഈ കേസിന്റെ അന്വേഷണം ത്വരിതപ്പെടുത്തി എന്നെ ക്രൂശിക്കാൻ ശ്രമിച്ചവരെ ജനമദ്ധ്യത്തിൽ കൊണ്ടുവരാൻ സഹായിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. കേസന്വേഷണം ഊർജ്ജിതപ്പെടുത്താൻ താങ്കൾ പരിശ്രമിക്കും എന്ന വിശ്വാസത്തോടെ,
                                   ഒപ്പ്
                                  പി.കെ.വേണുക്കുട്ടൻ നായർ.
NB:നൂലിയം പാറമടയിൽ സ്പിരിറ്റു കടത്തിന്റെപേരിൽ പിടിയിലായ സ്വാമിയും എന്നെ നശിപ്പിക്കാൻ ശ്രമിച്ച മാണിക്കോത്തുപത്മനാഭന്റെ മകൻ മധുസ്വാമിയും ഒരാളുതന്നെയെന്നാണ് എന്റെ വിശ്വാസം.
ഉള്ളടക്കം
1.       വനിതാകമ്മിഷനിൽനിന്നും ലഭിച്ച സമൻസിന്റെയും പരാതിയുടേയും കോപ്പി.
2.    വനിതാകമ്മിഷനിൽ ഞാൻ നൽകിയ സങ്കടഹർജിയുടെ കോപ്പി.
3.     പത്രങ്ങളിൽ എനിക്കെതിരെ വന്ന ആരോപണങ്ങളുടെ കോപ്പി.
4.    പത്രങ്ങൾക്ക് ഞാൻ നൽകിയ പ്രസ്താവനയുടെ കോപ്പി.
5.     അയിലം ഉണ്ണിക്കൃഷ്ണൻ പത്രത്തിൽ കൊടുത്തിരുന്ന പ്രസ്താവനയുടെ കോപ്പി.
6.    ദേശാഭിമാനിയിൽ എന്റെ പ്രസ്താവന കണ്ട്  ഒരുമനുഷ്യൻ എനിക്കയച്ചിരുന്ന കത്തിന്റെ കോപ്പി.
7.     ഫയർ മാസികയിൽ എന്നെക്കുറിച്ചും ഈ കേസിനെക്കുറിച്ചും വന്ന പരാമർശങ്ങളുടെ കോപ്പി.
8.     മുടവൻ മുകളിൽ പിടിച്ച സ്പിരിനെക്കുറിച്ച് വന്ന പത്രവാർത്തയുടെ കോപ്പി.
9.     നൂലിയം പാറമടയിൽ പിടിച്ച സ്പിരിറ്റിന്റെ യഥാർത്ഥ ഉടമകളെ പിടിച്ചതായ പത്രവാർത്തയുടെ കോപ്പി.
10. മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ കോപ്പി.
11.    മുഖ്യമന്ത്രിക്ക് അയയ്ക്കുന്ന റിമൈൻഡറിന്റെ കോപ്പി.

Wednesday, 15 August 2012

നാടകകലാകാരന് നാൽക്കവല...സ്പിരിറ്റുകടത്തുകാരൻ ബംഗ്ലാവിൽ


നമ്മുടെ ഭരണകർത്താക്കളും സംഘടനാ പ്രവർത്തകരും രാഷ്ട്രീയം നോക്കിയാണോ പ്രശ്നപരിഹാരം കണ്ടെത്തുന്നത് ? അല്ലെങ്കിലെന്തു കൊണ്ട്  നിരപരധിയായ ഒരു പാവം നാടക കലാകാരനെ                   ( പി.കെ.വേണുക്കുട്ടൻ നായരെ )  സ്പിരിറ്റു കടത്തുസംഘം കള്ളക്കേസ്സിൽ കുടുക്കി കൊല്ലാക്കൊല ചെയ്തിട്ടും ആരും ഒരു ചെറുവിരൽ പോലും അനക്കാത്തത് ? പാവം  മനുഷ്യൻ ഓരോരുത്തർക്കായി അയച്ച കത്തുകൾ തുടർന്നു വായിക്കുക.


മുഖ്യമന്ത്രി ആയിരുന്ന ശ്രീ. ആന്റണിക്ക് അയച്ച കത്ത്

                                       തിരുവനന്തപുരം                                                                       10/07/2003.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ ഏ.കെ.ആന്റണി സമക്ഷം പി.കെ.വേണുക്കുട്ടൻ നായർ ബോധിപ്പിക്കുന്ന അപേക്ഷ.

                               Justice delayed is Justice denied എന്ന ചൊല്ലിനെ ഓർമ്മപ്പെടുത്തുന്ന അവസ്ഥയാണ് എന്റേത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ മാനസികപീഡ അനുഭവിക്കുന്ന നിരാലംബനാണ്  ഞാൻ.  മരിക്കുന്നതിനുമുൻപ് എന്റെ കലാപ്രവർത്തനങ്ങൾക്ക്  പ്രോൽസഹനം നൽകി എന്നെ കർമ്മനിരതനാക്കിയിരുന്ന കലാപ്രേമികളുടെ മുമ്പിൽ എന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് എന്റെ ബാധ്യതയായിരിക്കുന്നു.

                          സ്പിരിറ്റുകടത്തു സംഘത്തിലെ കേരളത്തിലെ കണ്ണിയായ മാണിക്കോത്തുപത്മനാഭനും കുടുംബവും അവരുടെ നിലനിൽപ്പിന്റെ ഭദ്രതയ്ക്കായാണ് എന്നെ കള്ളക്കേസിൽ കുടുക്കി നശിപ്പിക്കാൻ ശ്രമിച്ചത്.  മാണിക്കോത്തുപത്മനാഭന് പോലീസ് ഡിപ്പാർട്ടുമെന്റിലുള്ള സ്വാധീനം ഉപയോഗിച്ച് എന്റെപേരിൽ ചുമത്തിയ കേസിന്റെ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്.  താങ്കൾ എന്റെ അപേക്ഷ ഗൗരവമായി എടുത്ത് ഊർജ്ജിതമായ അന്വേഷണത്തിന്  ഉത്തരവിടുമെന്ന് വിശ്വസിക്കുന്നു.

                            എന്റെ നാടകപ്രവർത്തനങ്ങളെപ്പറ്റി പത്രങ്ങളിൽ അച്ചടിച്ചു വന്നപ്പോൾ മാണിക്കോത്തുപത്മനാഭൻ എന്നെ പ്രകീർത്തിച്ച് ഒരു ശ്ലോകം എഴുതി അദ്ദേഹത്തിന്റെ മകന്റെ കൈയിൽ കൊടുത്തയച്ചിരുന്നു.  അത് എന്നെ കാണിച്ച് മാണിക്കൊത്ത് പത്മനാഭന് എന്നെ പരിചയപ്പെടണമെന്ന് ആവശ്യപ്പെട്ടു.  അയൽക്കാരനായ സ്ഥിതിക്ക് അപാകത തോന്നിയില്ല.പരിചയപ്പെട്ടപ്പോൾ സംസ്കൃതപരിജ്ഞാനമുള്ള മാണിക്കോത്തിനോട് കൂടുതൽ അടുത്തു.  ഭാസന്റെയും കാളിദാസന്റെയുമൊക്കെ നാടകങ്ങൾ സംസ്കൃതത്തിൽ തന്നെ പഠിക്കണമെന്നും അതിനാവശ്യമായ ഭാഷാജ്ഞാനം  മാണിക്കോത്ത്പത്മനാഭനിൽനിന്നും   നേടണമെന്നും ഞാൻ ആഗ്രഹിച്ചു.

                          അങ്ങനെയിരിക്കെ അവരുടെ ഫോൺ ഫാൾട്ടാണെന്നു പറഞ്ഞ്  എന്റെ നമ്പർ ആവശ്യപ്പെട്ടു.  ബോംബെയിൽ താമസിച്ച് ജ്യോതിഷപഠനം നടത്തുകയാണെന്നു പറഞ്ഞു പരിചയപ്പെട്ട മാണിക്കോത്തിന്റെ മൂത്തമകൻ മധുസ്വാമി എന്ന് അറിയപ്പെടുന്ന സത്യാനന്ദന്റെ സുഹൃത്തുക്കളെന്നു പറഞ്ഞ് പലരും ഫോൺ വിളിക്കുക പതിവായി. ഹിന്ദി മറാത്തി തുടങ്ങിയ ഭാഷകളിൽ മധുസ്വാമിയുടെ ഭാര്യ ബിന്ദുവും കന്നടഭാഷയിൽ മധുസ്വാമിയും സംസാരിച്ചിരുന്നു.  ആ ഭാഷകൾ എനിക്കോ എന്റെ ഭാര്യയ്ക്കോ വശമില്ലാതിരുന്നതിനാൽ അവർ എന്താണു സംസാരിക്കുന്നതെന്ന് മനസ്സിലായിരുന്നുമില്ല.  ഒരിക്കൽ ഫോൺ സംഭാഷണത്തിനിടയ്ക്ക് ബോട്ടിലെന്നും റെഡിമെയ്ഡെന്നുമൊക്കെ കേട്ടപ്പോൾ ഞാൻ സംശയം ചോദിച്ചു.  അതൊക്കെ ഞങ്ങളുടെ സ്വകാര്യമെന്നുപറഞ്ഞ് അവർ ഒഴിഞ്ഞുമാറി.

           ആസ്ട്രേലിയയിൽ നിന്നും ഫറൂഖ് വിളിച്ചാൽ ഉടനെ കർണ്ണാടകത്തിൽ നിന്നും മറ്റാരോ വിളിക്കും. പന്തികേട് തോന്നിയപ്പോൾ മധുസ്വാമിയെ ആവശ്യപ്പെട്ട് വിളിക്കുന്നവരോട് എന്റെ അസൗകര്യം അറിയിച്ച് ഞാൻ ഫോൺ നൽകാതെയായി. ( മുടവൻ മുകളിൽനിന്നും പിടിച്ച സ്പിരിറ്റ് ഫറൂഖിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിലേയ്ക്ക് കൊണ്ടുവന്നതായിരുന്നു വെന്ന് പത്രത്തിനിന്നും അറിഞ്ഞപ്പോഴാണ് ഞാൻ സംശയിച്ചത് ശരിയായി രുന്നുവെന്ന് ബോദ്ധ്യപ്പെട്ടത്. )
     2001 ഡിസംബർ പകുതിമുതൽ 2002 ജനുവരി പകുതിവരെ എന്റെ നമ്പരായ 343736ൽ വന്നിട്ടുള്ള ഫോൺകോളുകളെക്കുറിച്ച് രേഖകൾ ശേഖരി ക്കാൻ കഴിയുമെങ്കിൽ എളുപ്പമാകും. അല്ലെങ്കിൽ പൂജപ്പുര എസ്സ്.ടി.ഡി. ബൂത്തുകളിൽനിന്നും മധുസ്വാമിയും ബിന്ദുവും ആസ്ട്രേലിയ, ദുബായ്, ചെന്നൈ, ബോംബെ, കർണ്ണാടകം എന്നിവിടങ്ങളിലേയ്ക്ക് വിളിച്ചിട്ടുള്ള നമ്പരുകൾ കണ്ടെത്തിയാലും മതി. 
     മാണിക്കോത്തു പത്മനാഭനും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീട് അവരുടെ സ്വന്തമാണെന്നു തെറ്റിദ്ധരിപ്പിച്ച് മധുസ്വാമി ഒരു ഹോംഗോങ്ങു കാരനിൽനിന്നും കാശുണ്ടാക്കാൻ ശ്രമിച്ചതായിരുന്നു. കാശ് കൊടുക്കും മുൻപ് എന്റെ ഫോണിൽ വിളിച്ച് നന്ദകുമാറെന്നു പേരുള്ള ആ മനുഷ്യൻ മധുസ്വാമി യെ ആവശ്യപ്പെട്ടു. അവർ വീടുമാറിപ്പോയി എന്ന് അറിയിച്ചപ്പോഴാണ് നന്ദകുമാർ ചോദിച്ചത് അത് അവരുടെ വീടല്ലേയെന്ന്.  അഡ്വാൻസ് കൊടുക്കും മുൻപ് വാസ്തവം അറിയിച്ചതിന് നന്ദകുമാർ നന്ദി പറഞ്ഞു.
      നന്ദകുമാർ പിന്മാറിയപ്പോൾ മധുസ്വാമിയും ഭാര്യ ബിന്ദുവും അവരുടെ സഹായി രവിയുംകൂടെ മദ്യപിച്ച് എന്റെ വീട്ടിലെത്തി അനാവശ്യങ്ങൾ കാണിച്ചു. എന്റെ ഭാര്യാസഹോദരിയുടെ മകനേയും അവർ വെറുതെ വിട്ടില്ല. ( എസ്സ്.എസ്സ്.എൽ.സി. അവസാന വർഷ പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ആ കുട്ടിക്ക് രണ്ട് വിഷയത്തിന്റെ പരീക്ഷ ബാക്കിയുണ്ടായിരുന്നു. ) എന്റെ ഭാര്യ പോലീസിനു ഫോൺ ചെയ്യാൻ ഫോണിനടുത്ത് എത്തിയപ്പോൾ എന്നെ ഞെക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതുകാരണം അവൾ പിന്മാറി. തുടർന്ന് അവർ കാണിച്ച അനാവശ്യങ്ങളെക്കുറിച്ച് പുറത്തുപറഞ്ഞാൽ ഞങ്ങളെ നശിപ്പിക്കും എന്നുപറഞ്ഞിട്ട് അവർ പോയി.  ചെറിയ ഇടവേളയ്ക്കു ശേഷം നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തലുകൾ തുടർന്നു.  ഞങ്ങളുകാരണം നഷ്ടപ്പെട്ടകാശ് ഞാൻ കൊടുക്കണമെന്നും അല്ലെങ്കിൽ സഹോദരിയുടെ കുഞ്ഞിനെവച്ച് എന്റെ കൈയിൽനിന്നും ഈടാക്കുമെന്നും മധുസ്വാമി പറഞ്ഞു.ഓപ്പറേഷനുവേണ്ടി പ്രമേഹം നിയന്ത്രിക്കാനുള്ള ചികിൽസയിലായിരുന്ന തിനാൽ കേസിനും വഴക്കിനുമൊന്നും ഞാൻ പോയില്ല.
   ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിലെത്തി പൂർണ്ണവിശ്രമത്തിൽ കഴിഞ്ഞ സമയ ത്താണ് അവരുടെ ഇടപാടിലെത്തിയ സ്പിരിറ്റ് പോലീസ് പിടിച്ചതായി പത്രങ്ങളിൽനിന്നും അറിഞ്ഞത് ( നൂലിയം പാറമടയിൽനിന്നും പിടിച്ച സ്പിരിറ്റു മായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത സ്വാമിയെന്ന സത്യാനന്ദൻ മധുസ്വാമിയാണെന്ന് ഞാൻ ബലമായി സംശയിക്കുന്നു. ) ഞാൻ പോലീസിനു വിവരം ൻൽകിയതിന്റെ അടിസ്ഥാനത്തിലാണ് സ്പിരിറ്റുപിടിച്ചത് എന്ന് അവർ കരുതിക്കാണും.  അതാണ് എന്നിൽ വൃത്തികെട്ടകുറ്റം ചുമത്തി നശിപ്പിക്കാൻ ശ്രമിച്ചത്. 
        എന്റെ നിർഭാഗ്യമെന്നു പറയട്ടെ, വനിതാകമ്മിഷനിലെ എല്ലാവരും ഒരു കുറ്റവാളിയോടെന്നപോലെ നീചമായാണ്  എന്നോടു പെരുമാറിയത്. എന്റെ പ്രായമോ രോഗാവസ്ഥയോ സമൂഹത്തിൽ എനിക്കുള്ള സ്ഥാനമോ അവർ കണക്കാക്കിയില്ല.  സത്യാവസ്ഥ അവരെ അറിയിച്ചിട്ട് അത് വിശ്വസിക്കാൻ അവർ കൂട്ടാക്കിയില്ല.  ഞാൻ പീഡിപ്പിച്ചു എന്ന് ആരോപിച്ച കുട്ടിയെ ഹാജരാക്കിയില്ല. മധുസ്വാമിയുടെ സഹോദരിയും ( കുട്ടിയുടെ അമ്മ) അനുജനും അവരുടെ ഡ്രൈവറും ഹിയറിംഗിനിടയ്ക്ക് അസഭ്യം പറഞ്ഞപ്പോഴും ഞാൻ എന്റെ നിരപരാധിത്വം അറിയിക്കാൻ ശ്രമിച്ചു.  പക്ഷേ വനിതാ എസ്.ഐ. എന്റെ കവിളത്ത് അടിക്കാനെത്തി . എന്റെ ഭാര്യ  തടഞ്ഞതുകാരണം എനിക്ക് അടി ഏൽക്കേണ്ടി വന്നില്ല.
               പിറ്റേന്ന് വീട്ടിൽ മഫ്ടിയിലെത്തിയ പോലീസുകാർ എസ്സ്.ഐ.ക്ക് സംസാരിക്കണമെന്നു പറഞ്ഞ് പൂജപ്പുര സ്റ്റേഷനിൽ ചെല്ലാൻ ആവശ്യപ്പെട്ടു.  ഞാൻ ഭാര്യയുമായി അവിടെയെത്തി. എന്നെ മാണിക്കോത്തിന്റെ വീട്ടിൽ കൊണ്ടുപോകാനായിരുന്നു പോലീസിന്റെ പദ്ധതി. നിയമപരമായി ഞാൻ നേരിടാൻ പോവുകയാണന്ന് ഞാൻ പോലീസിനെ അറിയിച്ചു. അതിനു ശേഷമാണ് അവർ പരാതി നൽകിയത്. ഏഴുവയസ്സുകാരി ശരണ്യയുടേതായ പരാതി മധുസ്വാമിയുടെ സഹോദരിയും സഹോദരനുംകൂടി നൽകുകയാ യിരുന്നു. ശരണ്യയെ മെഡിക്കൽ പരിശോധന നടത്തി അവർ പരാതിയിൽ പറഞ്ഞതൊക്കെ കളവാണെന്നുള്ള പരിശോധനാറിപ്പോർട്ട് ലഭിച്ചതിനു ശേഷമാണ് പോലീസ് എന്നെ ജീപ്പിൽ കയറ്റി മെഡിക്കൽകോളേജിലും ജനറലാശുപത്രിയിലുമൊക്കെ കൊണ്ടുപോയതും ജാമ്യമില്ലാ കുറ്റം ’ (വീടുകയറി ബലാൽസംഗം ചെയ്തെന്ന കുറ്റം ) ചുമത്തി എന്നെ അറസ്റ്റുചെയ്തതും.
        ജാമ്യം ലഭിക്കാതിരിക്കാൻ മധുസ്വാമിയുടെ അച്ഛൻ മാണിക്കോത്തു പത്മനാഭനും കുടുംബവും വളരെയേറെ ശ്രമിച്ചു.  എന്റെ അഭിഭാഷകനെ ഭീഷണിപ്പെടുത്തി പിന്മാറ്റിക്കാൻ ശ്രമിച്ചു.  വനിതാകമ്മിഷൻ അദ്ധ്യക്ഷ കമലം പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലുംകൂടി എന്നെ തേജോവധം ചെയ്തു. അതിനുവേണ്ടി ഒരുലക്ഷം രൂപയാണ് മാണിക്കോത്തു പത്മനാഭൻ വാഗ്ദാനം നൽകിയതെന്ന് മാണിക്കോത്തിന്റേയും മധുസ്വാമിയുടേയും സഹായി രവി വീമ്പിളക്കിയിട്ടുണ്ട്. കേസിനുശക്തികൂട്ടാൻ മറ്റൊരു പീഡനകഥകൂടി ആരോപിച്ചു.  അത് കെട്ടിച്ചമച്ചതാണെന്ന് അയലം ഉണ്ണിക്കൃഷ്ണൻ പത്ര പ്രസ്താവന നൽകി. മുടവൻ മുകളെന്ന സ്ഥലത്ത് ഞാൻ താമസിച്ചിരുന്ന സമയത്ത് എന്റെ വീട്ടിലെത്തിയപ്പോൾ നാടകനടിയെ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.  മുടവൻ മുകളെന്ന സ്ഥലത്ത് ഞാൻ ഇന്നോളം താമസിച്ചിട്ടില്ല. ടെലഫോൺ ഡയറക്ടറി പരിശോധിച്ചാൽ അത് വ്യക്തമാകും. ( മാണിക്കോത്തും മധുസ്വാമിയുമൊക്കെയാണ് മുടവൻ മുകളിൽ താമസിച്ചത് എനിക്കെതിരെ കള്ളക്കേസ് എടുക്കുന്ന സമയത്ത് )
             അമളി മനസ്സിലാക്കിയപ്പോൾ നാടകനടി പിന്മാറി. ആരോ എന്തോഒക്കെ ചോദിച്ചു. ഞാൻ എന്തോഒക്കെ പറഞ്ഞു. അദ്ദേഹം എന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് അവൾ (ഗംഗാബോസ് ) പ്രസ്ഥാവനയിറക്കി. പക്ഷേ പീഡിപ്പിച്ചു എന്ന് പ്രാധാന്യത്തോടെ അച്ചടിച്ച പത്രങ്ങൾ അവൾ നിഷേധിച്ച വിവരം അച്ചടിച്ചില്ല. അവളുടെ അഭിമുഖം പ്രക്ഷേപണം ചെയ്ത ചാനലുകാരും നിഷേധവാർത്ത പ്രക്ഷേപണം ചെയ്തില്ല.
       ഹിന്ദുപത്രത്തിലെ ഒരു പ്രവർത്തകയാണ് പീഡനകഥ അച്ചടിപ്പിക്കാൻ പരിശ്രമിച്ചത് എന്ന് അറിയാൻ കഴിഞ്ഞു. നല്ല ഉദ്ദേശ്യത്തോടെയായിരുന്നു അങ്ങനെ ചെയ്തതെങ്കിൽ നടിയുടെ നിഷേധക്കുറിപ്പും പത്രങ്ങളിൽ വരുത്തിക്കേണ്ടതായിരുന്നല്ലോ. 
         ഒരിക്കലും എനിക്ക് ജാമ്യം ലഭിക്കാതിരിക്കാൻ ആരൊക്കെയോ ശ്രമിച്ചു. എങ്കിലും എന്റെ അഭിഭാഷകന് എന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. കോടതി എന്നോട് കരുണകാട്ടി. എനിക്ക് നിരുപാധികജാമ്യം അനുവദിച്ചു.
             ഒരു ജാമ്യത്തടവുകാരനായി ജീവിക്കുന്നതിൽ ഭേദം ആത്മഹത്യ ചെയ്യുകയാണ്. ഞാൻ ആത്മഹത്യ ചെയ്താൽ കുറ്റം ചെയ്തിട്ടുണ്ടെന്ന് ജനം കരുതും. അതെനിക്ക് സങ്കൽപ്പിക്കാനേ വയ്യാ.
           എന്റെ നാടക പ്രവർത്തനങ്ങൾ മുടങ്ങി. പ്രസിദ്ധീകരണത്തിന് സർക്കാർ ധനസഹായം ലഭിച്ച പുസ്തകത്തിന്റെ മിനുക്ക് പണികൾക്കും കഴിയുന്നില്ല. സ്വന്തമായി കിടപ്പാടമോ സമ്പാദ്യമോ പെൻഷനോ ഇല്ലാത്ത എനിക്ക് നാടകപ്രവർത്തനം മാത്രമാണ് ശരണം. അതുകൊണ്ട് എന്റെ നിരപരാധിത്വം എത്രയുംവേഗം തെളിയിച്ചേ തീരൂ.  അതിനുള്ള അവസരം ഉണ്ടാക്കിത്തരണമെന്ന് വീണ്ടും അപേക്ഷിക്കുന്നു.
                                പ്രതീക്ഷയോടെ
                                                  ഒപ്പ്
                             പി.കെ.വേണുക്കുട്ടൻ നായർ.
ആകുന്നത്ര തെളിവുകൾ ആവശ്യപ്പെടുമ്പോൾ നൽകാൻ തയ്യാറാണ്.
1.       പ്രതിപക്ഷ നേതാവ്
2.    നിയമസഭാസ്പീക്കർ
3.     കോൺഗ്രസ്സ് പ്രസിഡന്റ്
4.    സെക്രട്ടറി സി.പി.എം
5.     സെക്രട്ടറി സി.പി.ഐ
6.    ജനദാദൾ
7.     കേരളാകോൺഗ്രസ്സ്
8.     ഡി.ജി.പി
9.     അഡ്വക്കേറ്റ് ജനറൽ
10. പ്രമുഖ പത്രങ്ങൾ
11.    ബി.ജെ.പി.പ്രസിഡന്റ്
12.ശിവസേനാ പ്രസിഡന്റ്  

Tuesday, 31 July 2012

വേണുക്കുട്ടൻ നായർക്ക് സഹായവുമായി മന്ത്രി ആസ്പത്രിയിൽ



സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജനറൽ  വാർഡിലെ തിരക്കിലൊരാളായി, നിരത്തിയിട്ട കിടക്കകളിലൊന്നിൽ മലയാളത്തിലെ നാടകാചാര്യൻ അനാഥനെപ്പോലെ കിടക്കുന്നതുകണ്ട് മന്ത്രിയും വികാരാധീനനായി.
      കരം പിടിച്ച് മന്ത്രി സുഖവിവരം തിരക്കിയപ്പോൾ വേദനകൾ മറന്ന് മുഖത്ത് സന്തോഷം തെളിഞ്ഞു. അവശതകളുമായി ആയുർവേദകോളേജ് ആസ്പത്രിയിൽ ചികിൽസയിൽ കഴിയുന്ന നാടകാചാര്യൻ പി.കെ.വേണുക്കുട്ടൻ നായരെ കാണാനാണ് മന്ത്രി കെ.സി.ജോസഫ് എത്തിയത്.
       അവശതകൾക്കും പരാധീനതകൾക്കും നടുവിൽ ഓർമ്മപോലും നഷ്ടപ്പെട്ട് കഴിയുന്ന വേണുക്കുട്ടൻ നായരെക്കുറിച്ച് മാതൃഭൂമി പ്രസിധീകരിച്ച വാർത്ത ശ്രദ്ധയിൽ പെട്ടാണ് മന്ത്രി ആസ്പത്രിയിലെത്തിയത്.  ഇദ്ദേഹത്തിന്റെ ചികിൽസാ ചെലവുകൾ സർക്കാർ വഹിക്കുമെന്നറിയിച്ച മന്ത്രി സാംസ്കാരിക വകുപ്പിന്റെ ധനസഹായവും വാഗ്ദാനം ചെയ്തു.
      തന്നെ കാണാൻ വന്നത് മന്ത്രിയാണെന്നറിഞ്ഞതോടെ വേണുക്കുട്ടൻ നായർ അവശതകൾ മറന്ന് മന്ത്രിയുടെ കൈ പിടിച്ചു.  എഴുന്നേറ്റിരിക്കാൻ ആഗ്രഹമുണ്ടെ ങ്കിലും  അതിനു സാധിക്കാത്തതിൽ സ്വയം പരിഭവിച്ച് ചിരിച്ചു. ഭാര്യ ആശാ സുവർണ്ണരേഖയോടും ഡോക്ടർമാരോടും സുഖവിവരങ്ങൾ തിരക്കിയാണ് മന്ത്രിയും പാലോട് രവി എം.എൽ.എയും മടങ്ങിയത്.
           ആസ്പത്രി അധികൃതരുമായി സംസാരിച്ച മന്ത്രി ഇദ്ദേഹത്തിന് എത്രയും വേഗം പേവാർഡ് ലഭ്യമാക്കാണമെന്നും നിർദ്ദേശിച്ചു.  പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾക്കാണ് ഇപ്പോൾ ചികിൽസ നൽകുന്നതെന്ന് സൂപ്രണ്ട് ഡോ. മാധുരീദേവി മന്ത്രിയെ ധരിപ്പിച്ചു.  പേവാർഡ് ഒഴിവുണ്ടായാലുടൻ ഇദ്ദേഹത്തെ മാറ്റുമെന്നും സൂപ്രണ്ട് പറഞ്ഞു.
        രണ്ടാഴ്ചയോളമായി വേണുക്കുട്ടൻ നായർ ഇവിടെ ചികിൽസയിലാണ്.  അന്നാകരേനിന ഉൾപ്പെടെയുള്ള പ്രശസ്ത നാടകങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വേണുക്കുട്ടൻ നായർക്ക് നാലുതവണ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും സമഗ്രസംഭാവനയ്ക്കുള്ള സംഗീത നാടക അക്കാദമി പുരസ്കാരവുമുൾപ്പെടെ ലഭിച്ചിട്ടുണ്ട്.
      സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ കൂടിയായിരുന്ന ഇദ്ദേഹം ഏറെ നാളായി കടുത്ത സാമ്പത്തിക പരാധീനതകൾക്കും രോഗത്തിനും നടുവിൽ ഒറ്റപ്പെട്ടു കഴിയുകയാണ്.  ഭാര്യ  ആശാ സുവർണ്ണരേഖ മാത്രമാണ് ആശ്രയം.  സ്വന്തമായി വീടുപോലുമില്ലാത്ത ഇദ്ദേഹം ആശയുടെ സഹോദരി ശാന്തകുമാരിയുടെ ആറ്റുകാലിലെ വീട്ടിലായിരുന്നു താമസം.  മാതൃഭൂമി വാർത്തയെ തുടർന്ന് സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ കൂട്ടായ്മ രൂപവൽക്കരിച്ച് സഹായമെത്തിച്ച തൊഴിച്ചാൽ മറ്റുസഹായമൊന്നും ലഭിച്ചിട്ടില്ല.
        കേസിൽ പെടുകയും ഏറെ വിവാദമുണ്ടാവുകയും ചെയ്ത സംഭവത്തെ തുടർന്നാണ് ഇദ്ദേഹത്തിന്റെ നാടകജീവിതത്തിനു തന്നെ തിരശ്ശീല വീണത്.  ഹൈക്കോടതിയിലുള്ള ഈ കേസിൽ അപ്പീൽ നടപടികൾ വേഗത്തിലാക്കണമെന്നാ വശ്യപ്പെട്ട് ഭാര്യ ആശ മന്ത്രിക്ക് നിവേദനം നൽകി.  നിവേദനം വായിച്ച ശേഷം ഉചിതമായ നടപടികളെടുക്കുമെന്ന് മന്ത്രി ഉറപ്പൂ നൽകി.
( മാതൃഭൂമി  2012 ജൂൺ 22 വെള്ളിയാഴ്ച )